
യുഎസിലെ കാന്‍സാസില്‍ ഒരു ചെറിയ ചാറ്റല്‍ മഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പതിച്ചത് അതിശക്തമായ മിന്നല്‍. മിന്നലിന്റെ വെളിച്ചത്തില്‍ പുറകിലിരുന്ന കാറിന്റെ ക്യാമറയില്‍ വെളിച്ചത്തിന്റെ അതിപ്രസരത്തില്‍ ഒരു നിമിഷത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി പരിക്കുകളൊന്നും ഏല്ക്കാതെ രക്ഷപ്പെട്ടു. 2021 ലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടാകുന്നത്. മൂന്ന് കുട്ടികളടക്കം അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ ഇതിന്റെ ഭയപ്പെടുത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഇന്നും അതിശയം യാത്രക്കാര്‍ എങ്ങനെയാണ് പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടത് എന്നാണ്.
സംഭവം പുറത്തറിഞ്ഞതോടെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചോദ്യോത്തര വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ഉണ്ടായത്. ഇടിമിന്നലില്‍ കാറിന്റെ റബ്ബര്‍ ടയറുകള്‍ കാരണം എസ്യുവി കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ചില ഉപയോക്താക്കള്‍ നല്കിയ മറുപടി. റബര്‍ ടയറുകള്‍ വൈദ്യുതി ചാലകങ്ങളല്ല. അതിനാല്‍ അവയ്ക്ക് ഒരു വൈദ്യുതിയുടെ ഇന്‍സുലേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇതിനാല്‍ കാറിനുള്ളിലേക്ക് മിന്നലില്‍ നിന്നുള്ള വൈദ്യുതി എത്തുന്നില്ല. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, കാര്‍ ടയറുകള്‍ മിന്നലാക്രമണത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നില്ല. കാരണം, മിന്നലില്‍ നിന്നുള്ള വോള്‍ട്ടേജ് വളരെ ഉയര്‍ന്നതാണ്. അത്രയേറെ ഉയര്‍ന്ന വേള്‍ട്ടേജുള്ള വൈദ്യുതിയെ കാറ്റ് നിറച്ച റബര്‍ ടയറിന് പ്രതിരോധിക്കാന്‍ കഴിയില്ല. ഇടിമിന്നലിന്റെ ശരാശരി നീളം 3 മുതല്‍ 5 കിലോമീറ്റര്‍ വരെയാണ്, ഇത് കാര്‍ ടയറുകളുടെ വീതിയേക്കാള്‍ വലുതാണ്. അതിനാല്‍, മിന്നലില്‍ നിന്ന് കാറിലെ യാത്രക്കാരെ രക്ഷിക്കാന്‍ ടയറുകള്‍ക്ക് കഴിയില്ലെന്നും വിദഗ്ദര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ വാദം കേട്ടതോടെ ആളുകള്‍ അസ്വസ്ഥരായിത്തുടങ്ങി. കാരണം അതിശക്തമായ മിന്നല്‍ അടിച്ചിട്ടും യാത്രക്കാര്‍ എങ്ങനെ അതിനെ അതിജീവിച്ചു എന്നതില്‍ ആര്‍ക്കും കുത്യമായ ഒരു ഉത്തരം കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭൗതികശാസ്ത്രജ്ഞനായ മാര്ട്ടിന് ഉമാന്റെ ( Martin Uman) പുസ്തകത്തില്‍ ഈ പ്രശ്നത്തിന്റെ ഉത്തരം കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ സിദ്ധാന്തപ്രകാരം, ഓടുന്ന കാറിലേക്ക് മിന്നല്‍ വീഴുമ്പോള്‍ അതിന്റെ ലോഹ ചട്ടക്കൂട് മിന്നലില്‍ നിന്നുള്ള വൈദ്യുതിയെ ഭൂമിയിലേക്ക് അയക്കുന്നു. കാറിന്റെ ലോഹ നിര്‍മ്മിതമായ ബോഡി പൊള്ളയായ ഒരു ചാലകമായി പ്രവര്‍ത്തിക്കുന്നു. വൈദ്യുതകാന്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന്, പൊള്ളയായ ലോഹം വൈദ്യുത മണ്ഡലങ്ങളില്‍ നിന്നും വൈദ്യുത പ്രവാഹങ്ങളില്‍ നിന്നും അതിന്റെ പൊള്ളയായ ഉള്‍വശത്തെ സംരക്ഷിക്കുന്നുവെന്നതാണ്. ഫാരാഡെ കേജ് ഇഫക്ട് (Faraday-Cage effect) എന്നാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്.
അതേ സമയം വിദഗ്ദര്‍ മറ്റൊരു മുന്നറിയിപ്പ് കൂടി നല്കുന്നു ഇത്തരം അവസ്ഥകളില്‍ വാഹനം യാത്രക്കാരെ സംരക്ഷിക്കും എന്ന് കരുതി യാത്ര തുടരുന്നതിനെക്കാള്‍ സുരക്ഷിതം ഏറ്റവും സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്തുന്നതും കാലാവസ്ഥ ശരിയായ ശേഷം യാത്ര തുടരുന്നതുമായിരിക്കുമെന്നാണ്. കാരണം വാഹനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇവര്‍ നല്കുന്ന സൂചന.






