
ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഞായറാഴ്ച ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഗിൽ കളിച്ചേക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കി പോസിറ്റീവായത്.
ഗില്ലിന് പകരം ഇഷാന് കിഷന് രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ കെ.എല്‍ രാഹുല്‍ ബാറ്റിംഗ് തുടരുമെന്നതിനാല്‍ ഓപ്പണറായി കിഷന് മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി. ഞായറാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
“ചെന്നൈയിൽ ഇറങ്ങിയതു മുതൽ ശുഭ്മാന്‍ നല്ല പനി ഉണ്ടായിരുന്നു. പരിശോധനകൾ നടക്കുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൂടുതൽ ടെസ്റ്റുകൾ ഉണ്ടായിരിക്കും. ആദ്യ മത്സരത്തിൽ ഗിൽ കളിക്കുമോയെന്ന് ഉറപ്പില്ല ” ടീമുമായി അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ ടീം മാനേജ്മെന്റ് ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച മറ്റൊരു റൗണ്ട് പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും വ്യക്തമായിട്ടുണ്ട്.






