
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ നിര്‍ണ്ണായക തീരുമാനത്തിനായി ബിജെപി നേതാക്കളെ കാണാന്‍ നടനും ബിജെപി നേതാവുമായ സുരേഷ്ഗോപി ന്യൂഡല്‍ഹിയില്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെ നടനെ മോദി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സുരേഷ് ഗോപി കുടുംബസമേതം ഡല്‍ഹിയിലെത്തിയത്. ബിജെപി നേതാക്കളുമായി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. അതുകൊണ്ടു തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഗാന്ധിജയന്തി ദിനത്തില്‍ സുരേഷ്ഗോപിയുടെ പദയാത്രയിലെ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
നേരത്തേ കരുവന്നൂരില്‍ സുരേഷ്ഗോപി നടത്തിയ പദയാത്രയും പ്രതിഷേധവും കേന്ദ്ര നേതാക്കളുടെ വരെ ശ്രദ്ധ തൃശൂരിലേക്ക് എത്തിച്ചിരുന്നു. ഇതിനൊപ്പം അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന പ്രധാന സീറ്റാണ് തൃശൂര്‍. ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതു വിഷയങ്ങളിലെല്ലാം സുരേഷ് ഗോപി ജില്ലയില്‍ ഇടപെടുന്നുണ്ട്.
അതിനിടയില്‍ സുരേഷ് ഗോപിയെ സത്യജിത്റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത് വിവാദമായിരുന്നു. ുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും എന്ന ആശങ്കയില്‍ സ്ഥാനമേറ്റെടുക്കാന്‍ സുരേഷ്ഗോപി വൈമനസ്യം പ്രകടിപ്പിച്ചതായിട്ട് വിവരമുണ്ടായിരുന്നു. ്എന്നാല്‍ പിന്നിട് നിലപാട് മാറ്റിയ നടന് സ്ഥാനത്തേക്കുള്ള നിയമനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി പറയുകയും ചെയ്തു.






