കൊല്‍ക്കത്തയില്‍ നിന്നുമുള്ള ഒരു യുവാവിന് തന്റെ ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 42,000 രൂപ. രാത്രിയില്‍ അധികം ആളുകളില്ലാത്ത ഒരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവാവ്. യാത്രക്കിടയില്‍ അയാള്‍ക്ക് തന്റെ ഫോണ്‍ നഷ്ടപ്പെട്ടു. എന്നാല്‍, അത് കൊണ്ടും തീര്‍ന്നില്ല, ഫോണ്‍ മോഷ്ടിക്കപ്പെട്ട് വെറും മിനിറ്റുകള്‍ക്കുള്ളിലാണ് ഇയാളുടെ അക്കൗണ്ടില്‍ നിന്നും 42,000 രൂപ നഷ്ടപ്പെട്ടത്.
മോഷ്ടിക്കപ്പെട്ട ഫോണില്‍ യുപിഐ ആപ്പുകള്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം, കെസ്റ്റോപൂര്‍ നിവാസിയായ ശങ്കര്‍ ഘോഷ് എന്നയാള്‍ക്കാണ് തന്റെ ഫോണും പണവും നഷ്ടപ്പെട്ടത്. താന്‍ ബെഹാലയിലെ ജോലിസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. ഫോണില്‍ ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഫോണ്‍ മോഷ്ടിക്കപ്പെടുന്നത്. മോഷ്ടാവ് ബസിന്റെ പുറത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് അയാള്‍ ഫോണും തട്ടിപ്പറിച്ചു കൊണ്ട് ഓടി. തനിക്ക് എന്തെങ്കിലും പ്രതികരിക്കാന്‍ പോലും സാധിക്കുന്നതിന് മുമ്പായിരുന്നു അയാള്‍ ഫോണും കൊണ്ട് പോയത്. 15 മിനിറ്റിനുള്ളില്‍ തന്റെ അക്കൗണ്ടില്‍ നിന്നും 42,000 രൂപയും നഷ്ടപ്പെട്ടു എന്നാണ് ഘോഷ് പറഞ്ഞത്.
മറ്റൊരു ഫോണും സിം കാര്‍ഡും വാങ്ങിയ ശേഷമാണ് ഘോഷ് തന്റെ പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയുന്നത്. പിന്നാലെ, ഇയാള്‍ രണ്ട് പരാതികള്‍ നല്കി. ഒന്ന് ഫോണ്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും രണ്ട് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ടും. താന്‍ തന്റെ ഫോണില്‍ പാസ്വേഡുകള് ഒന്നും തന്നെ സേവ് ചെയ്തിട്ടില്ല, അതിനാല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു എന്നും ഘോഷ് പറഞ്ഞു. എന്നാല്‍, ബാങ്ക് പറയുന്നത് പിന് നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയാണ് പണം പിന്‍വലിച്ചത് എന്നാണ് ബാങ്കിന്റെ പ്രാഥമിക വിശകലനത്തില്‍ നിന്നും മനസിലാവുന്നത് എന്നാണ്. അതേസമയം ഈ പ്രദേശത്ത് വലിയ തോതില്‍ ഫോണ്‍ തട്ടിപ്പറിക്കുന്നത് വര്‍ധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.






