
കൊച്ചി: കൊറിയര്‍ സര്‍വീസ് മുഖേന മയക്കുമരുന്നുകടത്ത് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തരതപാലുകളുടെ പരിശോധന കര്‍ശനമാക്കാന്‍ കസ്റ്റംസ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം. കസ്റ്റംസ് പോസ്റ്റല്‍ അപ്രൈസിങ് ഓഫീസിലെത്തുന്ന കൊറിയറുകളെല്ലാം സ്കാന്‍ ചെയ്യും. സംശയമുള്ളവ തുറന്നുപരിശോധിക്കും.
യു.എസ്, മലേഷ്യ, സിംഗപ്പുര്‍, ഗള്‍ഫ് രാജ്യങ്ങളിലെ മാഫിയകള്‍ കൊച്ചിയടക്കമുള്ള നഗരങ്ങളിലേക്കു കൊറിയറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ട്. സംശയാസ്പദമായ പായ്ക്കറ്റുകളെക്കുറിച്ച് കൊറിയര്‍ കമ്പനിക്കാര്‍തന്നെ എക്സൈസിനെ വിവരമറിയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കോവിഡ് കാലത്താണു മയക്കുമരുന്ന് കടത്താന്‍ മാഫിയകള്‍ കൊറിയര്‍ മാര്‍ഗം തെരഞ്ഞെടുത്തത്. അന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിരുന്നു.
പോളണ്ട്, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കൊറിയറില്‍ എത്തുന്ന ഗോള്‍ഡന്‍ ഡ്രാഗണ്‍ വിഭാഗത്തില്‍പ്പെട്ട മാരകമയക്കുമരുന്നുകള്ക്കു വന്‍വിലയാണ് ഈടാക്കുന്നത്. ഡാര്‍ക്ക് വെബ് മുഖേനയുള്ള ലക്ഷങ്ങളുടെ ബിറ്റ്കോയിന് ഇടപാടുകള്‍ കണ്ടെത്തുക ദുഷ്കരമാണ്. യു.എസ്. ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കഞ്ചാവും കറുപ്പും നിയമവിധേയമാണ്. അതിനാല്‍, ഇത്തരം രാജ്യങ്ങളില്‍നിന്ന് ഇവ ശേഖരിക്കാനും ഇന്ത്യപോലെ നിരോധനമുള്ള രാജ്യങ്ങളിലേക്ക് അയയ്ക്കാനും മാഫിയകള്‍ക്കു കഴിയുന്നു.






