
ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിച്ച ഹര്‍ജിയില്‍ മൂന്ന് പേര് വിയോജിച്ചതോടെയാണ് ഹര്‍ജി തള്ളിയത്. ജസ്റ്റീസുമാരായ രവീന്ദ്രഭട്ട്, ഹിമാ കോഹ്ലി, പി എസ് നരസിംഹ എന്നിവരാണ് എതിര്‍ത്തത്.
ഹര്‍ജിയില്‍ ആദ്യം വിധി പ്രസ്താവ്യം നടത്തിയ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണം എന്ന നിലപാടാണ് എടുത്തത്. സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്നതായും സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞു.
സ്വവര്‍ഗ്ഗ ലൈംഗികത നഗരകേന്ദ്രീകൃതമോ വരേണ്യ വര്ഗ്ഗത്തിലോ വരുന്ന സങ്കല്‍പ്പമല്ല. പങ്കാളികളാകാന്‍ ആണും പെണ്ണും തമ്മില്‍ മാത്രം എന്ന സങ്കല്‍പ്പം പരിഷ്ക്കരിക്കപ്പെടണം. ലിംഗവും ലൈംഗികതയും ഒന്നായിരിക്കണമെന്ന് സങ്കല്പ്പിക്കപ്പെടാന് കഴിയില്ലെന്നും പങ്കാളികളെ തെരഞ്ഞെടുക്കാന്‍ അവകാശം വ്യക്തികള്‍ക്കുണ്ടെന്നും പറഞ്ഞു. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ട്. ഭിന്നലിംഗത്തിലുള്ളവരേ നല്ല മാതാപിതാക്കള്‍ ആയിരിക്കൂ എന്നും കരുതനാകില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു.
അതേസമയം തന്നെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് പാര്‍ലമെന്റാണെന്നും അക്കാര്യത്തില്‍ കോടതി കൈകടത്തുന്നില്ലെന്നും പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കേണ്ടതാണെന്ന നിലപാടാണ് ജസ്റ്റീസ് സഞ്ജയ് കിഷന് കൗളും എടുത്തത്. സ്പെഷ്യല്‍ മാരേജ് ആക്ട് തുല്യതയ്ക്ക് എതിരാണെന്നും എതിര്‍ലിംഗ ബന്ധവും സ്വവര്ഗ്ഗബന്ധവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്രമാണെന്നും പറഞ്ഞു.
എന്നാല്‍ ജസ്റ്റീസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരും ഇതിനെ എതിര്‍ക്കുകയായിരുന്നു. അതേസമയം സ്വവര്‍ഗ്ഗാനുരാഗികള്‍ വിവേചനത്തിനും അനീതിയ്ക്കും ഇരയാകുന്നതായി ബഞ്ചിലെ എല്ലാ ജസ്റ്റീസുമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. എന്നാല്‍ വിവാഹമെന്ന പരമ്പരാഗത സങ്കല്‍പ്പത്തെ മാറ്റി മറിക്കുന്നതില്‍ ജസ്റ്റീസുമാരായ ഹിമാകോലിയും രവീന്ദ്രഭട്ടും പിഎസ് നരസിംഹയും എതിര്‍ക്കുകയായിരുന്നു. നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്കിയ 20 ഹര്‍ജികളില്‍ പത്തു ദിവസമായിരുന്നു വാദം കേട്ടത്.
സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരുമോ എന്നതായിരുന്നു ഇതിനെ ചോദ്യം ചെയ്യുന്നവര്‍ ഉയര്‍ത്തിയ പ്രധാനവാദം. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന നിലപാട് എടുക്കുമ്പോഴും അത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ട് വെച്ച നിലപാട്. രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമെന്നും നിയമപരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.
സ്വവര്‍ഗവിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്കുന്ന വിഷയം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ പാര്‍ലമെന്റ് ഇതില്‍ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങള്‍ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിക്കുകയായിരുന്നു.
വിവാഹത്തിന് സാധുത നല്കില് കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാര്‍ഗരേഖ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉള്‍പ്പെട പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മത സംഘടനകള്‍ കേസില്‍ എതിര്‍ത്ത് കക്ഷി ചേര്‍ന്നിരുന്നു.






