
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.യു.എ.പി.എ ട്രിബ്യൂണലിൻ്റെ നിരോധനം അംഗികരിച്ച ഉത്തരവിനെതിരെയാണ് ഹർജി. തങ്ങൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വാദം.
തങ്ങൾക്ക് ഒരു ഭീകരവാദ സംഘടനയുമായി ബന്ധമില്ലെന്നും ആക്ഷേപങ്ങൾക്ക് ഒരു വസ്തുതയുമില്ലെന്നും ഹർജിയിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം റദ്ദാക്കണമെന്നും ട്രിബ്യൂണലിൻ്റെ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർജിയിലെ ആവശ്യം.
പിഎഫ്ഐ നിരോധനത്തിന് ഒരു വര്‍ഷം
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. 2042ൽ ഇന്ത്യയിൽ ഭരണഘടന അട്ടിമറിച്ച് ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പിഎഫ്ഐക്ക് എതിരെ കേന്ദ്രം നടപടി എടുത്തത്.
2006 ൽ തുടങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് സംഘടനക്കെതിരെ ഡല്‍ഹി എൻഐഎ ആസ്ഥാനത്താണ് സെപ്തംബർ രണ്ടാം വാരം ആദ്യം കേസ് എടുത്തത്. ഈ കേസിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉൾപ്പെടെ കഴിഞ്ഞ വര്‍ഷം സെപ്തംബർ 27ന് രാജ്യ വ്യാപക റെയ്ഡ് നടന്നു. പ്രധാനപ്പട്ട ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധിച്ചു. ആകെ 247 പിഎഫ്ഐ പ്രവർത്തകരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.
പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഓര്ഗനൈസേഷന് എന്നിവയുടെ നിരോധനമാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്.






