
ജീവിതത്തിലെ ഏറ്റവും കുസൃതി നിറഞ്ഞ സമയമാണ് സ്കൂള്‍ കാലഘട്ടം. പഠിക്കാന്‍ വാശികൂടുന്നതോടൊപ്പം തന്നെ പഠിക്കാതിരിക്കാനുള്ള സൂത്ര മാര്‍ഗ്ഗങ്ങളും കണ്ടെത്തുന്ന പ്രായമാണിത്. ചിലര്‍ എല്ലാ ക്ലാസുകളും ശ്രദ്ധയോടെ കേട്ടിരിക്കുമ്പോള്‍ മറ്റുചിലര്‍ ഇടയ്ക്കൊക്കെ ക്ലാസില്‍ നിന്ന് മുങ്ങാറുമുണ്ട്. എന്നാല്‍ മറ്റൊരു വശത്ത് അധ്യാപകര്‍ ആകട്ടെ എങ്ങനെയും കുട്ടികളെ മര്യാദപഠിപ്പിക്കാനുള്ള തീവ്രശ്രമത്തിലുമായിരിക്കും. സാധാരണായായി ക്ലാസ് സമയങ്ങളില്‍ മുങ്ങുന്നവരെയും അധികനേരം പുറത്തോ ബാത്ത്റൂമിലോ ഒക്കെ ചെലവഴിച്ച് വരുന്നവരേയും അതുപോലെ അധ്യാപകര്‍ ശാസിക്കാറും ശിക്ഷിക്കാറും ഒക്കെ ഉണ്ട്. എന്നാല്‍, ഒരു വിദ്യാര്‍ത്ഥി റെഡ്ഡിറ്റില്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
@miketer21 എന്ന യൂസറാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ നേരം ബാത്ത്റൂമില്‍ ചെലവഴിക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെ ചെയ്താല്‍ പിഴ ഒടുക്കേണ്ടി വരും എന്ന് വ്യക്തമാക്കുന്ന ഒരു നോട്ടീസാണ് ചിത്രത്തിലുള്ളത്. നോട്ടീസില്‍ പറയുന്നത്, ബാത്ത്റൂമിലേക്ക് വരിക, ബാത്ത്റൂം ഉപയോഗിക്കുക, ബാത്ത്റൂമില്‍ നിന്നും പുറത്ത് പോവുക എന്നാണ്. അതുപോലെ ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു എന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പലരേയും ഞെട്ടിച്ചത് ഇതൊന്നുമല്ല അതിലെ അവസാന ഭാഗത്ത് നല്‍കിയിരിക്കുന്ന മറ്റൊരു കാര്യമാണ്. 'ക്യാമറയില്‍ നോക്കി ചിരിക്കൂ' എന്ന ഒരു വാചകം കൂടി നോട്ടീസില്‍ ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ സംഭവം വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. കുറച്ച് പേര് ഇതില്‍ കുഴപ്പമില്ല എന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരായിരുന്നു. അതിലെ പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ തങ്ങള്ക്കിഷ്ടപ്പെടുന്ന അത്രയും നേരം സ്കൂള്‍ ബാത്ത്റൂമില്‍ ചെലവഴിക്കും എന്നാണ് എഴുതിയത്. അതേസമയം ഇതിലെ നിയമവശം കൂടി ചിലര്‍ ഓര്‍മ്മപ്പെടുത്തി. ബാത്ത്റൂമില്‍ ക്യാമറ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ചിലര്‍ വ്യക്തമാക്കിയത്.






