
ഫോണിലൂടെ അശ്ലീല സന്ദേശം അയ്യച്ച യൂബര് ഡ്രൈവര്ക്കെതിരെ ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭൂമിക എന്ന യുവതിയാണ് സമൂഹ മാധ്യമമായ ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. യൂബര് ഡ്രൈവറുമായുള്ള സംഭാഷണത്തിന്റെ സ്ക്രീന് ഷോട്ടുകളാണ് യുവതി പങ്കുവച്ചത്. സ്ക്രീന് ഷോട്ടില് രാഹുലാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഡ്രൈവര് തന്നോടൊപ്പം യാത്ര ചെയ്തത് ഓര്മ്മയുണ്ടോയെന്ന് ചോദിച്ച് കൊണ്ടാണ് ആദ്യ മെസ്സേജ് അയച്ചിരിക്കുന്നത്. എന്തിനാണ് തനിക്ക് മെസേജ് അയക്കുന്നതെന്ന് ചോദിച്ചപ്പോള് യുവതിയുമായി സൗഹൃദത്തിലാകാന് താല്പര്യമുണ്ട് എന്നാണ് ഇയാളുടെ മറുപടി. ഒപ്പം തന്റെ ചിത്രവും ഇയാള് യുവതിക്ക് അയച്ചു നല്കി.
വിശ്വസിച്ച് യാത്ര ചെയ്യാന് സാധിക്കുന്ന ഒരു പ്ലാറ്റ്ഫോം ആയാണ് യൂബര് സര്വീസിനെ കരുതിയിരുന്നതെന്നും എന്നാല് തന്റെ വിശ്വാസം പാടെ തകര്ത്ത് കളഞ്ഞെന്നുമാണ് ഭൂമിക തന്റെ പോസ്റ്റില് കുറിച്ചത്. ഗതാഗതത്തിനായി യൂബറിനെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് തനിക്ക് അതീവ ഉത്കണ്ഠയുണ്ടെന്നും അവര് തന്റെ പോസ്റ്റില് എഴുതി. ഈ വിഷയത്തില് ഉടനടി അന്വേഷണം നടത്താനും ഡ്രൈവറെ തിരിച്ചറിഞ്ഞ്, ഭാവിയില് ഇത്തരം സംഭവങ്ങള് ഉണ്ടാകാതിരിക്കാന് ഉചിതമായ നടപടികള് കൈക്കൊള്ളാനും ഭൂമിക തന്റെ പോസ്റ്റില് യുബറിനോട് ആവശ്യപ്പെട്ടു.
സംഭവം വൈറലായതോടെ പോസ്റ്റിന് മറുപടിയുമായി യൂബറും രംഗത്തെത്തി. 'ഹായ് ഭൂമിക, പ്രശ്നത്തെക്കുറിച്ച് കേട്ടതില് ഖേദിക്കുന്നു' എന്നാണ് യൂബര് ഇന്ത്യ പോസ്റ്റിനോട് പ്രതികരിച്ചത്. ഡയറക്ട് മെസേജ് വഴി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല് നമ്പര് തന്നാല് തുടര് നടപടികള്ക്കായി കാര്യങ്ങള് ഫോളോ അപ്പ് ചെയ്യാന് സാധിക്കുമെന്നും അവര് പോസ്റ്റില് പറയുന്നു. എന്നാല്. പിന്നീട് യൂബര് ഇന്ത്യ തന്നോട് ഡിഎംസില് പ്രതികരിച്ചില്ലെന്നും ഭൂമിക ആരോപിച്ചു. അതേസമയം സാമൂഹിക മാധ്യമങ്ങളില് വലിയ ആശങ്കയാണ് ഇതുമായി ബന്ധപ്പെട്ട ഉയര്ന്നിരിക്കുന്നത്.
പലരും പോസ്റ്റിന് താഴെ തങ്ങളുടെ അനുഭവങ്ങള് പങ്കുവയ്ക്കാനെത്തി. ''ഈ സാഹചര്യങ്ങള് വളരെ ഭയാനകമാണ്. യൂബര് തിരുത്തല് നടപടി സ്വീകരിച്ചാലും, ഡ്രൈവര്ക്ക് നിങ്ങളുടെ വിലാസം അറിയാം,'' എന്നായിരുന്നു ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് ചൂണ്ടിക്കാട്ടിയത്.







Comments