
കുട്ടികള്‍ ലഭിക്കുന്ന സമ്മനങ്ങള്‍ സൂക്ഷിച്ചു വെക്കുന്നത് പതിവാണ്. അത് ഇടക്ക് എടുത്തു നോക്കാറുമുണ്ട്. എന്നാല്‍ അത്രയ്ക്ക് ഭദ്രമായി സൂക്ഷിച്ചവെച്ച ഒരു സാധനം എവിടെയാണ് വച്ചതെന്ന് മറന്നുപോയാലോ? അത്തരത്തിലുള്ള ഒരു ഹൃദയ സ്പര്‍ശിയായ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് എട്ടുവയസ്സുകാരിക്ക് അവരുടെ അച്ഛന് ഒരു ചോക്ലേറ്റ് വാങ്ങി കൊടുത്തു.അത് അവള് ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. പക്ഷേ, ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ പിന്നീട് ആ ചോക്ലേറ്റ് എവിടെയാണ് വെച്ചത് എന്ന് ആ പെണ്‍കുട്ടി മറന്നുപോയി. അതേക്കുറിച്ച് ഓര്‍ത്ത് നിരവധി തവണ അവള് സങ്കടപ്പെട്ടു. ഒടുവില്‍ ആ ചോക്ലേറ്റ് കണ്ടുകിട്ടി, എപ്പോഴാണെന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവളുടെ മരണശേഷം അവളുടെ മകള്‍ക്കാണ് ആ ചോക്ലേറ്റ് കിട്ടിയത്.
എന്നാല്‍ ഈ കഥയുടെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. ഇംഗ്ലണ്ടിലെ ലീഡ്സില്‍ താമസിക്കുന്ന വെറാ പെറ്റ്ചെല്ലിന് അവളുടെ പിതാവ് 1935 -ല്‍ ഒരു ചോക്ലേറ്റ് സമ്മാനിച്ചു. അന്ന് വെറയ്ക്ക് 8 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ജോര്‍ജ്ജ് അഞ്ചാമന് രാജാവിന്റെയും മേരി രാജ്ഞിയുടെയും രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഒരു പ്രത്യേക ചോക്ലേറ്റ് ആയിരുന്നു അത്. അച്ഛന് അവള്‍ക്ക് ചോക്ലേറ്റ് നല്കിയപ്പോള്, അത് കഴിക്കരുതെന്ന് വെറയോട് ആവശ്യപ്പെട്ടു, പകരം അത് സൂക്ഷിച്ചു വെക്കാനും ആവശ്യപ്പെട്ടു. ഇത് സവിശേഷമായ ഒന്നായതിനാല്‍ ഭാവിയില്‍ അതിന് വളരെ വിലമതിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പിതാവിന്റെ ഉപദേശമനുസരിച്ച് ഒരു പെട്ടിയില്‍ വര്‍ഷങ്ങളോളം ആ ചോക്ലേറ്റ് ഭദ്രമായി സൂക്ഷിച്ചു. ഒടുവില്‍ 95 -ാം വയസ്സില്‍ വെറ മരിച്ചു. മരണശേഷം മക്കളും കൊച്ചുമക്കളും അവളുടെ മുറി വൃത്തിയാക്കുന്നതിനിടയില്‍ ഒരു ബോക്സില്‍ സൂക്ഷിച്ച നിലയില്‍ ചോക്ലേറ്റ് കണ്ടെത്തി. കട്ടില് ഡ്രോയറിനുള്ളില്‍ ആയിരുന്നു അത് സൂക്ഷിച്ചിരുന്നത്.അമ്മ സൂക്ഷിച്ചിരുന്ന ചോക്ലേറ്റ് ബോക്സ് കണ്ടെത്തിയതായി വെളിപ്പെടുത്തിയത് വെറയുടെ മക്കളില്‍ ഒരാളായ നദീന്‍ മക്കഫെര്ട്ടിയാണ്. മരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് അമ്മ ആ ചോക്ലേറ്റിനെ കുറിച്ച് ഓര്‍ത്തിരുന്നുവെന്നും അത് വീട്ടില്‍ തിരയാന്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നും അവര്‍ പറയുന്നു. പക്ഷേ, അന്ന് ഏറെ തിരഞ്ഞിട്ടും ചോക്ലേറ്റ് കിട്ടാതെ വന്നതോടെ അമ്മ വളരെയധികം ദുഃഖിതയായി എന്നും ആരെങ്കിലും അതെടുത്ത് കളഞ്ഞിരിക്കും എന്നാണ് കരുതിയതെന്നും അവര്‍ പറയുന്നു.






