
ചെന്നൈ: നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രനിര്‍മ്മാണത്തിനായി തന്നെകൊണ്ട് സാധിക്കുന്ന സംഭാവനകള്‍ നല്കുന്നതിനായിട്ടാണ് താന്‍ 25 വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താന്‍ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു.
ബിജെപിയുടെ അംഗത്വം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത് വളരെ വേദനയോടും കടുത്ത നിരാശയോടും കൂടിയാണ്. രാഷ്ട്രനിര്‍മ്മാണത്തിനായി സംഭാവനകള്‍ നല്കുന്നതിനായിട്ടാണ് 25 വര്‍ഷം മുമ്പ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജീവിതത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളിലും ആ പ്രതിബദ്ധതയെ മാനിച്ചു. എന്നിട്ടും ഇന്ന് താന്‍ ജീവിതത്തിലെ സങ്കല്‍പ്പിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നില്‍ക്കുന്നത്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, അവരില്‍ പലരും തന്നെ ചതിക്കുകയും സമ്പാദ്യം കവരുകയും ചെയ്ത ആ വ്യക്തിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയുമാണെന്നും ഗൗതമി രാജിക്കത്തില്‍ പറഞ്ഞു.
മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിന് കീഴില്‍ 1997 ലാണ് ഗൗതമി ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് വേണ്ടി 1990 കളുടെ അവസാനത്തില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ അവര്‍ പ്രചാരണം നടത്തിയിരുന്നു. മകളുടെ ജനനത്തിന് ശേഷം ഗൗതമി രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. 2017ല്‍ ബിജെപിയില്‍ തിരിച്ചെത്തിയ ഗൗതമിക്ക് 2021ല്‍ രാജപാളയം അസംബ്ലി മണ്ഡലത്തിന്റെ ചുമതല ലഭിച്ചിരുന്നു.






