
അസാധാരണമായ രീതിയിൽ കർണ്ണാടകയിലെ വിജയപുര ജില്ലയിൽ പ്രതിഷേധം . നിരന്തരമുള്ള വൈദ്യുതിമുടക്കത്തിനെതിരെയായിരുന്നു നാട്ടുകാര് പ്രതിഷേധം നടത്തിയത്. ഒരു മുതലയേയും കൊണ്ടാണ് കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്ക് പോയത്.
കർഷകർ റോണിഹാല ഗ്രാമത്തിലെ വയലിലാണ് ഈ മുതലയെ കണ്ടത്. പിന്നാലെ, കർഷകർ അതിനെ പിടിച്ചു കെട്ടി ഉദ്യോഗസ്ഥർ ഉണ്ടായിരുന്ന പവർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം അവർ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പാമ്പോ, തേളോ, മുതലയോ ഒക്കെ ഉപദ്രവിച്ച് രാത്രി മനുഷ്യർ മരിച്ചാലെന്ത് ചെയ്യും എന്ന ചോദ്യമുയര്ത്തുകയുണ്ടായി.
മുതലയേയും കൊണ്ട് ഓഫീസിലെത്തിയ കർഷകർ അതിനെ ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചു. ശേഷം വിളകൾ കരിഞ്ഞുണങ്ങുന്നതിനാൽ പകൽ സമയങ്ങളിൽ തടസ്സമില്ലാത്ത ത്രീഫേസ് വൈദ്യുതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നീട്, വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ മോചിപ്പിച്ച ശേഷം അൽമാട്ടി നദിയിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടുവോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.






