
ഒരുകാലത്ത് സിനിമാ വ്യവസായത്തില്‍ മിന്നിത്തിളങ്ങിയ നടി വിശപ്പടക്കാന്‍ തെരുവില്‍ യാചകയായി, മോഷണക്കേസില്‍ പെട്ട് അകത്തുമായി. മുംബൈ പോലീസിന്റെ പിടിയില്‍ പെട്ട മുന്‍ നടിക്കാണ് ഈ ദുരവസ്ഥ. അവസരം കിട്ടാതെ സാമ്പത്തീകമായി തകരുകയും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാകുകയും ചെയ്തതോടെയാണ് ഇവര്‍ ഭക്ഷണം കഴിക്കാനുള്ള വകയ്ക്കായി തെരുവില്‍ ഇറങ്ങിയതും മോഷണം നടത്തിയതും.
പോലീസ് പിടികൂടുമ്പോള്‍ ഇവര്‍ ആദ്യം ചോദിച്ചത് തനിക്ക് വിശപ്പടക്കാനുള്ള വഴിയായിരുന്നത്രേ. ജീവിതം മാറിമറിയലുകളുടെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റേതുമൊക്കെയാക്കി മാറ്റിയത് ഭോജ്പുരി സിനിമയിലെ മുന്‍ നായിക മിതാലി ശര്‍മ്മയുടെ ജീവിതമാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുകാലത്ത് മിന്നുന്ന നടിയായിരുന്ന മിതാലിയെ മുംബൈയിലെ ലോഖണ്ഡ്വാല റോഡില്‍ വെച്ചാണ് മോഷണത്തിന് അറസ്റ്റിലായത്. വനിതാ പോലീസുകാര്‍ കൈവിലങ്ങ് അണിയിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇവര്‍ ആദ്യം അവരെ കയ്യേറ്റം ചെയ്യുകയും പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള മിതാലി ആദ്യം മോഡലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് നടിയാകാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചതോടെ വീടുപേക്ഷിച്ചു മുംബൈയിലേക്ക് പോയി. ഏതാനും സിനിമകളില്‍ അഭിനയിച്ച് താരമായ ഇവരുടെ ചിത്രങ്ങള്‍ ആദ്യകാലങ്ങളില്‍ വന്‍ വിജയം നേടുകയും ഇവര്‍ നടിയായി പേരെടുക്കുകയൂം ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി പരാജയം നേരിട്ടതോടെ അവസരം കുറഞ്ഞു.
നല്ല വേഷങ്ങള്‍ കിട്ടാതെ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടിവന്നു. പണം ഇല്ലാതായതോടെ ഇവര്‍ വിഷാദരോഗത്തിന് അടിപ്പെട്ടു. മോഷണത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ മിതാലി ആദ്യം ചോദിച്ചത് തനിക്ക് അല്‍പ്പം ഭക്ഷണം നല്‍കാനായിരുന്നു. ഇവരെ ഇപ്പോള്‍ പോലീസ് താനേയിലെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണെന്നാണ് വിവരം. നടിയാകാന്‍ വീടുവിട്ടതോടെ മിതാലിയെ കുടുംബവും കയ്യൊഴിഞ്ഞു. ഇതോടെ അവരുടെ ജീവിതം ഒറ്റപ്പെട്ടു പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.






