
ബോളിവുഡ് ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ആലിയ ഭട്ട്. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് കപൂര്‍ കുടുംബത്തിലെ അംഗമായതോടെ താരത്തിന്റെ ആരാധകര്‍ ഇരട്ടിയായിട്ടുണ്ട്. വിവാഹശേഷവും റാഹയുടെ അമ്മയായ ശേഷവും കരിയറില്‍ തിളങ്ങിത്തന്നെ നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ അമ്മ സോണി റസ്ദാന്റെ ജന്മദിനാശംസ പങ്കിടുകയാണ് ആലിയ. ‘‘അമ്മയുടെ ജന്മദിനത്തിൽ ഞാൻ എന്റെ ഒരു ജന്മദിനത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്... അന്നത്തെ ആ പാർട്ടി മുഴുവൻ അമ്മയുടെ മടിയിൽ ഇരുന്നു ഞാൻ ചെലവഴിച്ചു, കാരണം വീർപ്പുമുട്ടിയ ഗോഡ്സില്ലയെ ഞാൻ ഭയപ്പെട്ടിരുന്നു, എന്നിട്ടും ഞാൻ പൂർണ്ണമായ സംതൃപ്തിയോടെയും സന്തോഷത്തോടെയും ഇരിക്കുന്നതു നോക്കൂ, ഞാന്‍ എപ്പോഴും ഇരിക്കാനിഷ്ടപ്പെടുന്ന ഒരു ഇരിപ്പിടമാണിത്... എന്റെ ഞാനാക്കിയ മാതൃത്വത്തിന് ജന്മദിനാശംസകൾ... അമ്മയില്ലാതെ ഇല്ലാതെ ഞങ്ങൾ ഒന്നുമാകില്ല.. ഓരോ ദിവസവും ഓരോ മിനിറ്റും അമ്മയുടെ മേല്‍ നന്ദിയുള്ളവരാണ്... അമ്മയെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു...’’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള ഏറ്റവും മനോഹരമായ ത്രോബാക്ക് ചിത്രം പങ്കിട്ട് ആലിയ കുറിച്ചത്. ആലിയ തന്റെ ബാല്യകാല ചിത്രവും അമ്മയ്ക്കൊപ്പമുള്ള ഇപ്പോഴത്തെ ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. അമ്മയുമായി വളരെ അടുപ്പമുള്ള ആളാണ് ആലിയ. അസാധാരണമായ രൂപസാദൃശ്യവും അവര്‍ക്കിടയിലുണ്ട്.
ആലിയയുടെ സഹോദരി ഷഹീൻ ഭട്ടും സോണിയുടെ ചില ചിത്രങ്ങൾ പങ്കിട്ട്,“എന്റെ പ്രപഞ്ചത്തിന്റെ കേന്ദ്രം-എന്നും എപ്പോഴും...ജന്മദിനാശംസകൾ അമ്മേ.”എന്ന് കുറിച്ചു. ആലിയയുടെ നിരവധി ആരാധകരും സഹതാരങ്ങളും സുഹൃത്തുക്കളും ആലിയയുടെ പോസ്റ്റിന് ആശംസകൾ നേർന്നു. ദിയാ മിർസ ഹൃദയത്തിന്റെ ഇമോജി നല്കി. കരിഷ്മ കപൂർ ‘ജന്മദിനാശംസകള് സോണി ആന്റി’ എന്ന് കുറിച്ചു. നീതു കപൂറും സോണിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെക്കുകയും അവർക്ക് ആശംസകൾ അയക്കുകയും ചെയ്തു.






