
കൊച്ചി: സിനിമാ 'റിവ്യൂ ബോംബിങ്ങില്‍' കത്തിപ്പടര്‍ന്ന് വിവാദം. സിനിമ റിവ്യൂ എന്നപേരില്‍ മൊബൈല്‍ ഫോണും പിടിച്ചു നടക്കുന്ന ഒരാളേയും തീയറ്ററിന്റെ പരിസരത്ത് അടുപ്പിക്കില്ലെന്നാണ് തീരുമാനം. നെഗറ്റീവ് റിവ്യൂ പറഞ്ഞു സിനിമയെ തകര്‍ക്കുന്ന സമൂഹമാധ്യമ സിനിമാ നിരൂപകരെ കൂച്ചുവിലങ്ങിടാനാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം.
അതിന്റെ ആദ്യപടിയാണ് തീയറ്റര്‍ കോമ്പൗണ്ട് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇനിയൊരാളും റിവ്യൂവിനായി തീയറ്ററിന്റെ കോമ്പൗണ്ടിലേക്ക് വന്നാല്‍ കയറ്റില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വം വ്യക്തമാക്കി. ഹൈക്കോടതിയാണ് നെഗറ്റീവ് സിനിമാ റിവ്യൂ ബോബിങ് സിനിമാ വ്യവസായത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് ഇതു തടയാന്‍ സംസ്ഥാനപോലീസിനോട് വ്യക്തമായ ഒരു നിര്‍ദേശം തയാറാക്കി നല്‍കണമെന്നു നിര്‍ദേശിക്കുകയും പോലീസ് അത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തുവന്നത്. സിനിമ പ്രമോഷന് അടക്കം പുതിയ മാനദണ്ഡങ്ങളും ക്രമീകരണങ്ങളും കൊണ്ടുവരുമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍, ബി. രാകേഷ് എന്നിവര്‍ വ്യക്തമാക്കി. പുതിയ പ്രോട്ടോക്കോളാണ് തങ്ങള്‍ കൊണ്ടുവരുന്നത്. ഇതുപ്രകാരം മൊബൈലുമായി തീയറ്റര്‍ പരിസരത്ത് റിവ്യൂ സമ്മതിക്കുകയില്ല.
ഇതിനെ മാധ്യമപ്രവര്‍ത്തനമായി അംഗീകരിക്കാന്‍ കഴിയുകയില്ലയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ഒരു സിനിമ പുറത്തിറക്കുന്നതു ഒത്തിരി കഷ്പ്പാടും വേദനയുമൊക്കെ സഹിച്ചാണ്. ആ സിനിമയെയാണ് വെറുതേവന്നുനിന്ന് മോശം പറഞ്ഞ് കാണികളെ തീയറ്ററില്‍നിന്ന് അകറ്റുന്നത്. ഇതുവളരെ മോശം പ്രവണതയാണെന്നു സുരേഷ് കുമാര്‍ പറഞ്ഞു.
ഭാര്യയുടെ കെട്ടുതാലിയും ഭൂമിയും വീടും പണയംവച്ചും ബാങ്ക് ലോണെടുത്തുമൊക്കെയാണ് പടം പിടിക്കുന്നതെന്നും എന്തു തോന്ന്യാസവും ഇനി സിനിമയെക്കുറിച്ച് വിളിച്ചുപറയാന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നുംസുരേഷ് കുമാര്‍ വ്യക്തമാക്കി. സിനിമാ പി.ആര്.ഒ. മാര്‍ക്ക് അക്രഡിറ്റേഷന് ഏര്‍പ്പെടുത്തും. ഈ മാസം 31 ന് ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും യോഗം ചേര്‍ന്ന് റിവ്യൂബോംബിങ് തടയാന്‍ വേണ്ടതുചെയ്യുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, നിര്‍മാതാക്കളുടെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം സമൂഹമാധ്യമ നിരൂപകര്‍ ഉയര്‍ത്തുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യമുള്ളതുപോലെ അഭിപ്രായസ്വാതന്ത്ര്യവുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാതാക്കാളുടെ വിലക്ക് വിലപ്പോവില്ലെന്നം വ്ളോഗര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.






