
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റേതായ ഒരു ഐഡന്റിറ്റി നേടിയെടുത്ത അഭിനേതാവാണ് വിനായകന്. കഥാപാത്രങ്ങളിലെ വ്യത്യസ്തത വിനായകന്റെ പ്രവൃത്തികളിലുമുണ്ട്. പലപ്പോഴും ചില സംസാരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിനായകന് വിവാദങ്ങളില്‍ ചെന്നു പെടാറുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിനായകൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നതാണ് താരത്തിന്റെ പേരിലുള്ള പുതിയ കേസ്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വിനായകൻ ഒരു കലാകാരനാണെന്നും പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നുമാണ് മന്ത്രി പ്രതികരിച്ചത്. ‘‘വിനായകൻ ഒരു കലാകാരനാണ്. അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. പ്രത്യേകിച്ച് അതില്‍ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാര്ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനില്‍ ആയിപ്പോയെന്നേ ഉള്ളൂ. നമ്മള് അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല..’’ മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ചയാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ വിനായകനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് മന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സിനിമയെ തകര്‍ക്കുന്നതിന്റെ ഭാഗമായി റിവ്യൂ നല്കുന്ന വിഷയത്തില്‍ ഹെെക്കോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. നിലവില്‍ ഹെെക്കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






