
ഈ കഴിഞ്ഞ ദിവസമാണ് സംവിധായകനായ അല്‍ഫോന്‍സ് പുത്രന് താന്‍ സിനിമ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ഉണ്ടെന്ന് താന്‍ സ്വയം കണ്ടെത്തിയെന്നും ഈ കാരണത്തിലാണ് എല്ലാം അവസാനിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് പിന്‍വലിച്ചു.
കേരളത്തിന് പുറമെ തെന്നിന്ത്യയില്‍ ഒട്ടാകെ ചര്‍ച്ചയായ പ്രേമം എന്ന സിനിമയുടെ സംവിധായകന് കൂടിയായതുകൊണ്ട് തന്നെ വലിയ രീതിയില്‍ ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ 'സൂരറൈ പോട്ര്' എന്ന സിനിമയുടെ സംവിധായികയായ സുധ കൊങ്കര എഴുതിയിരിക്കുന്ന കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. അല്‍ഫോന്‍സിന്റെ പ്രേമം തന്റെ എക്കാലെത്തയും പ്രിയപ്പെട്ട സിനിമയാണെന്നും കലാസൃഷ്ടി ഇനിയും തുടരണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
''പ്രിയ അല്‍ഫോന്‍സ് പുത്രന്, നിങ്ങളുടെ സിനിമകള്‍ ഞാന്‍ മിസ്സ് ചെയ്യും. 'പ്രേമം' എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാന്‍ വളരെ മോശമായ മാനസികാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഉണര്‍വ് തന്നത് ആ ചിത്രമാണ്. അത് ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും.''-സുധ കൊങ്കര കുറിച്ചു.






