
മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്ന താരം സംവിധാനം ചെയ്തു കൊണ്ട് കഥാപാത്രമായി അഭിനയിക്കുകയും പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകളും യൂട്യൂബ് ചാനല്‍ വഴി തന്റെ അനുഭവങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ കേരളീയം ചലച്ചിത്ര മേളയില്‍ തന്റെ സിനിമകള്‍ ഉള്പ്പെടുതാത്തതിനെതിരെ തുറന്നടിക്കുകയാണ് ബാലചന്ദ്ര മേനോൻ. പ്രേക്ഷകരോടുള്ള അവഹേളനം ആണ് ഇതെന്നും കരയുന്ന കുഞ്ഞിന് പോലും പാലില്ലാത്ത അവസ്ഥ ആണ് സംസ്ഥാനത്തിലെന്നും ബാലചന്ദ്രൻ മേനോൻ വിമര്‍ശിച്ചു. ‘‘കാര്യങ്ങള്‍ സാധിക്കാൻ കാല് പിടിക്കേണ്ട അവസ്ഥയാണ്. പരിഗണന ചില നിലപാടുകളുടെ പേരില്‍ മാത്രമാണെന്നും മേനോൻ കുറ്റപ്പെടുത്തി. നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. മലയാള സിനിമയുടെ വളര്‍ച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ എന്റെ സിനിമ ഇല്ല എന്ന് കണ്ടപ്പോള്‍ പറയാതെ പോകാൻ തോന്നിയില്ല.
സിനിമയിലൂടെ ഒരു പ്രേക്ഷകവൃന്ദം ഞാനുണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ എന്റെ സിനിമകള്‍ ഓര്‍ക്കുന്നുണ്ട്. അങ്ങനെയുള്ള പ്രേക്ഷകരെ ആകെ അവഗണിക്കുന്ന രീതിയാണിത്. ബാലചന്ദ്ര മേനോന്റെ സിനിമകള്‍ ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ, നീതി പുലര്‍ത്തേണ്ടതുണ്ട്. എന്റെ എല്ലാ സിനിമകളും തിയേറ്ററില്‍ ഓടിയ സിനിമകളാണ്. സ്വന്തം സിനിമകളെല്ലാം ചിത്രീകരിച്ചത് ചിത്രാഞ്ജലിയിലാണ്. ഒരുപാട് വരുമാനം സിനിമകളിലൂടെ ചിത്രാഞ്ജലിക്ക് നല്‍കിയിട്ടുണ്ട്. സമാന്തരങ്ങള്‍ എന്ന ചിത്രം പോലും ഉള്‍പ്പെടുത്തിയില്ല. ദേശീയ അവാര്‍ഡ് വാങ്ങിയ ചിത്രമാണത്. നിലവാരമില്ലാത്ത ചിത്രമാണോ അത്? മറ്റുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒഴിവാക്കാൻ പറ്റുന്ന ചിത്രമല്ല അത്. എന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് മാനസികപ്രയാസമുണ്ടാക്കി...’’ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാലചന്ദ്ര മേനോൻ പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന മലയാളം ചലച്ചിത്രോത്സവത്തെക്കുറിച്ച് ഒരു പ്രത്യേക കുറിപ്പ് എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.






