
ന്യൂഡല്‍ഹി: ചോദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോയ്ത്ര ലോക്സഭാ എത്തിക്സ് കമ്മറ്റിക്ക് മുന്നിലെത്തി. ബിജെപി എംപി നിശികാന്ത് ദുബേയുടെ ആരോപണത്തില്‍ മഹുവയോട് എത്തിക്സ് കമ്മറ്റി കഴിഞ്ഞ 31 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വനിതാ എംപി ഇന്ന് ഹാജരായത്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് മോയിത്ര ദുബായിലെ ബിസിനസുകാരനായ ദര്ശന് ഹിരാനന്ദാനിയില്‍ നിന്നും വിവിധരീതിയിലുളള കൈക്കൂലി വാങ്ങിയതായിട്ടാണ് ദുബേ ആരോപിച്ചത്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ മഹുവ സമ്മാനങ്ങള്‍ സ്വീകരിച്ചെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദുബെ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. ഇക്കാര്യത്തിലുള്ള തെളിവ് അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒക്ടോബര്‍ 26 നായിരുന്നു ബിജെപി എംപിയും പരാതിക്കാരന് ദേഹാദ്രായിയും ലോക്സഭാ പാനലിന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയത്. തുടര്‍ന്ന് പാനല്‍ മോയിത്രയോട് കഴിഞ്ഞമാസം 31 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാല്‍ നവംബര്‍ 5 ന് ശേഷം ഹാജരാകാമെന്നായിരുന്നു മോയിത്ര നല്കിയ മറുപടി. എന്നാല്‍ സമിതി നവംബര്‍ 2 അപ്പുറത്തേക്ക് പോകനാകില്ലെന്ന് കര്‍ശന നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ ഹാജരാകുമെന്ന് കാണിച്ച് ടിഎംസി എംപി എത്തിക്സ് കമ്മറ്റിക്ക് കത്തു നല്‍കുകയായിരുന്നു. പിന്നീട് ഈ കാത്ത് അവര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തന്റെ എക്സ് പേജിലായിരുന്നു രണ്ടു പേജുകള്‍ വരുന്ന കത്ത് ഇവര്‍ പുറത്തുവിട്ടത്.
അഭിഭാഷകനായ ദേഹാദ്രായി തന്റെ രേഖാമൂലമുള്ള പരാതിയിലോ വാക്കാലുള്ള ഹിയറിംഗിലെ ഏതെങ്കിലും തെളിവുകളിലോ തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ ഡോക്യുമെന്ററി തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്ന് മൊയ്ത്ര തന്റെ കത്തില്‍ ആരോപിച്ചു. ഇതിനൊപ്പം എത്തിക്സ് കമ്മറ്റിക്ക് ഇരട്ടത്താപ്പാണെന്നും മറ്റൊരാളുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തിയ എത്തിക്സ് കമ്മറ്റി വിദ്വേഷ പ്രസംഗ ആരോപണത്തില്‍ ബിജെപി എംപി രമേഷ് ബിദുരിയുടെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു.
ഈ പരാതിയില്‍ 2023 ഒക്ടോബര്‍ 10-ന് ബിദുരിയെ എത്തിക്സ് കമ്മറ്റി വിളിച്ചെങ്കിലും താന്‍ രാജസ്ഥാനില്‍ പ്രചാരണത്തിന് പോയിരിക്കുകയാണെന്നും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നും അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാദം കേള്‍ക്കുന്നതിനുള്ള കൂടുതല്‍ തീയതി ഇതുവരെ നല്‍കിയിട്ടില്ല. ഈ ഇരട്ടത്താപ്പ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മറ്റിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും മൊയ്ത്ര കത്തില്‍ പറയുന്നു.






