
മുംബൈ സ്വദേശിനിയായ ഒരു യുവതി പോലീസിൽ വ്യത്യസ്തമായ ഒരു പരാതി നൽകുകയുണ്ടായി. എന്തെന്നാല്‍ തന്റെ 'സമാധാനം നഷ്ടപ്പെട്ടുപോയി' എന്നായിരുന്നു യുവതിയുടെ പരാതി. പരാതി വെറുതെയായില്ലെന്ന് മാത്രമല്ല യുവതിക്ക് വളരെ രസകരമായ രീതിയിൽ മറുപടിയുമായിട്ടാണ് മുംബൈ പോലീസ് രംഗത്തെത്തിയത്.
മുംബൈ സ്വദേശിനിയായ വേദിക ആര്യ എന്ന സ്ത്രീ തന്റെ സമാധാനം നഷ്ടപ്പെട്ടതിനാൽ പോലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുവതി ഈ ആഗ്രഹം പങ്കുവെച്ചത്. മുംബൈ പോലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; "പോലീസ് സ്റ്റേഷൻ ജാ രാഹി ഹുൻ സുകൂൻ ഖോ ഗയാ ഹേ മേരാ @മുംബൈ പോലീസ് (ഞാൻ പോലീസ് സ്റ്റേഷനിൽ പോകുന്നു. എനിക്ക് എന്റെ സമാധാനം നഷ്ടപ്പെട്ടു)" തമാശയായാണ് യുവതി ഇത്തരത്തിൽ ഒരു പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചെങ്കിലും മുംബൈ പൊലീസ് യുവതിയെ നിരാശപ്പെടുത്തിയില്ല.
തുടര്‍ന്ന് ട്വിറ്ററിലൂടെ യുവതിക്ക് രസകരമായ ഒരു മറുപടിയുമായി മുംബൈ പോലീസും രംഗത്ത് എത്തി. 'നമ്മളിൽ ഭൂരിഭാഗം ആളുകളും സമാധാനം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് മിസ്സ് ആര്യ. എങ്കിലും ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തെ വിലമതിക്കുന്നു. ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് തീർച്ചയായും അത് കണ്ടെത്താൻ സാധിക്കുമെന്ന്. ഏതായാലും മറ്റെന്തെങ്കിലും സാധനങ്ങൾ നിങ്ങൾക്ക് നഷ്ടമായാൽ ധൈര്യമായി ഞങ്ങളുടെ അടുത്തേക്ക് വരാം' ഇതായിരുന്നു മുംബൈ പോലീസ് നല്കിയ മറുപടി.






