
ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഇന്ന് എല്ലാ ടീമുകൾക്കും നിർണായക ദിവസം. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക മത്സരത്തിന് ന്യൂസിലന്‍ഡും പാകിസ്ഥാനും അല്പസമയത്തിനകം ഇറങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന് ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുത്തു.
ന്യൂസിലന്‍ഡ് നിരയില്‍ പരിക്ക് മാറി നായകന് കെയ്ന്‍ വില്യംസണ് ഇലവനിലേക്ക് മടങ്ങിവന്നത് ശ്രദ്ധേയമാണ്. കിവികളുടെ കഴിഞ്ഞ നാല് മത്സരങ്ങള്‍ കെയ്ന്‍ നഷ്ടമായിരുന്നു. ഇതോടെ വില്‍ യങ്ക് പ്ലേയിംഗ് ഇലവന് പുറത്തായി. മറ്റൊരു മാറ്റം കൂടി കിവികളുടെ ഇലവനിലുണ്ട്. ഇഷ് സോധി കളിക്കുമ്പോള്‍ മാറ്റ് ഹെന്റി പുറത്തിരിക്കുകയാണ്.ഏഴ് മത്സരങ്ങൾ കളിച്ച ന്യുസീലൻഡ് നാല് വിജയങ്ങൾ നേടി. എട്ട് പോയിന്റുമായി കിവിസ് നാലാം സ്ഥാനത്താണ്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച ന്യുസീലൻഡ് പോയിന്റ് ടേബിളിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് മൂന്ന് തുടർ തോൽവികൾ കിവിസിന്റെ സ്ഥാനം നാലിലേക്ക് താഴ്ത്തി.
പാക് പ്ലേയിംഗ് ഇലവനില്‍ ഉസാമ അലിക്ക് പകരം ഹസന് അലി തിരിച്ചെത്തി. മൂന്ന് വിജയവും നാല് തോൽവിയുമായി ആറ് പോയിന്റ് പാകിസ്താൻ നേടിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ. നെതർലൻഡ്സിനോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പാകിസ്താൻ വിജയം നേടി. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകളോട് പാക് ടീം തോൽവിയറിഞ്ഞു. ബെംഗളൂരുവിൽ പാകിസ്താന് ലക്ഷ്യം വിജയം മാത്രമാകും.
പ്ലേയിംഗ് ഇലവനുകള്‍
പാകിസ്ഥാന്: അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), ഇഫ്തീഖര്‍ അഹമ്മദ്, സൗദ് ഷക്കീല്‍, ആഗ സല്മാന്, ഷഹീന് അഫ്രീദി, ഹസന് അലി, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്.
ന്യൂസിലന്‍ഡ്: ദേവോണ്‍ കോണ്‍വെ, രചിന് രവീന്ദ്ര, കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക് ചാപ്മാന്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്.






