
മലയാളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്രയുടെ ഓരോ പാട്ടുകളും ആരാധകർ ഏറ്റെടുക്കുന്നതാണ്. മലയാളം കടന്നു ദേശഭാഷാവ്യത്യാസമില്ലാതെ ചിത്രയുടെ പാട്ടുകൾ ആരാധിക്കുന്നവരും കുറവല്ല. അക്കൂട്ടത്തിൽ ഒരാളാണ് ബോളിവുഡിന്റെ പ്രിയ ഗായിക ശ്രേയ ഘോഷാൽ. ഭാഷ അറിയാഞ്ഞിട്ടു പോലും ശബ്ദം മാധുര്യം കൊണ്ട് പലപ്പോഴും ശ്രേയ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. ശ്രേയയുടെ മലയാള പാട്ടുകൾ കേട്ടാൽ അത് പടിയിരിക്കുന്നത് ഒരു മലയാളി അല്ലെന്നു ആരും പറയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രേയ ഇപ്പോഴിതാ ചിത്ര ആശംസ അറിയിച്ച ഒരു വീഡിയോ ആണ് പങ്കിട്ടിരിക്കുന്നത്. "ചിത്ര ചേച്ചി... നിങ്ങളുടെ നല്ല വാക്കുകൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. നിങ്ങളോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. നിങ്ങൾ എപ്പോഴും എന്റെ ജീവിതത്തിൽ ഒരു വലിയ പ്രചോദനമാണ്.
2023 ഡിസംബർ 23-ന് കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പരിപാടി അവതരിപ്പിക്കാനും നിങ്ങളെ എല്ലാവരെയും നേരിട്ട് കാണാനും കാത്തിരിക്കാനാവില്ല.
PayTM ഇൻസൈഡറിൽ നിങ്ങളുടെ ടിക്കറ്റ് എടുക്കാൻ മറക്കരുത്
എല്ലാവരെയും അവിടെ കാണാം..." എന്ന ക്യാപ്ഷൻ നൽകിയാണ് ശ്രേയ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോയിൽ ആശംസ പറയുന്നതിനൊപ്പം കേരളത്തിലുള്ളവരും ലോകമെമ്പാടുമുള്ളവരും ശ്രേയയുടെ ഫാൻ ആണെന്നും അക്കൂട്ടത്തിൽ താനും ഒരു ഫാൻ ആണെന്നും ചിത്രം പറയുന്നുണ്ട്. ശ്രേയ പങ്കിട്ട ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.






