
‘ഈ പറക്കും തളിക’ എന്ന ദിലീപ് ചിത്രത്തില്‍ അണിഞ്ഞൊരുങ്ങി വരുന്ന മണവാളനെ സിനിമ കണ്ടവരാരും മറന്നു കാണാനിടയില്ല. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ആ കലാകാരന് കലാഭവന്‍ ഹനീഫാണ്. കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ ലോകത്തെയാകെ വേദനയിലാഴ്ത്തി കലാഭവന്‍ ഹനീഫ് വേര്‍പെട്ടത്. നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനും മിമിക്രി കലാകാരനുമായ താരം കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമായിരുന്നു. സ്വന്തം പേരിനേക്കാള്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഹനീഫ്, കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ശശിയായും പറക്കും തളികയില്‍ ഉണ്ണിയും സുന്ദരനും ചേര്‍ന്നൊരുക്കുന്ന മണവാളന് ചെറുക്കാനൊക്കെയുമാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്.
ഹനീഫിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെയും സിനിമാ പ്രേമികളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്. നിരവധിപേരാണ് താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്. ഇപ്പോഴിതാ ഒപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സുരാജ് വെഞ്ഞാറമൂട് തന്റെയുള്ളിലെ വിഷമം വരികളിലൂടെ കുറിക്കുകയാണ്.
‘‘പ്രിയപ്പെവരിൽ പ്രിയപ്പെട്ടൊരാൾ വിട വാങ്ങിയിരിക്കുന്നു...എന്റെ കലാ ജീവിതത്തിൽ എന്നും പ്രചോദനമായിരുന്ന ഒരാൾ...അസാമാന്യ ഹ്യൂമർ സെൻസുള്ള അദ്ദേഹത്തിന്റെ കോമഡി പ്രോഗ്രാമുകൾ ഒക്കെയും ഒരു കാലത്തു മനപാഠമായിരുന്നു...ജീവിതയാത്രയിൽ അദ്ദേഹം കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഓരോ നിമിഷങ്ങളെ കുറിച്ചു ഒരു കഥ പോലെ പറഞ്ഞു നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചാണ് ഓരോ മനുഷ്യരുടെയും ഹൃദയത്തിലേക്ക് അദ്ദേഹം കയറികൂടിയത്...തികച്ചും വ്യക്തിപരമായ നഷ്ടമാണ് എനിക്ക് ഇക്കയുടെ അപ്രതീക്ഷിതമായ വിട വാങ്ങൽ...ഞങ്ങൾ ഒരുമിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പിലെ അദേഹത്തിന്റെ ഓരോ കോമഡിയും കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത് തന്നെ....കാണുന്ന നിമിഷം ഒരുപാട് സ്നേഹവും സന്തോഷവും കൊണ്ട് മനസ്സ് നിറച്ചിരുന്ന ആ ഒരാൾ ഈ ലോകത്ത് നിന്നും പോയിരിക്കുന്നു എന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല....ഒരുപാട് പൊട്ടിച്ചിരികൾ സമ്മാനിച്ച പ്രിയപ്പെട്ട ചങ്ങാതിക്ക്.. ഹനീഫയ്ക്കയ്ക്ക്... ആദരാഞ്ജലികൾ...’’ സുരാജ് വെഞ്ഞാറമൂട് കുറിച്ചു.






