
കാക്കനാട് ശക്തമായ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിൽ വന്‍ നാശനഷ്ടം. ആഞ്ഞുവീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികളാണ് താഴെ വീണ് പൊട്ടിയത്.
കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് കാറ്റിനിടെ ജനല്‍ ചില്ലുകൾ തകർന്ന് വീഴുകയായിരുന്നു.
പ്രദേശത്ത് ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്. പലയിടത്തും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്ന് വൈദ്യുതി തടസപ്പെടുകയും ചെയ്തു . ഇൻഫോപാർക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ആർക്കും പരിക്കില്ല.






