
വിമാനവും വിമാനയാത്രകളും ആളുകള്‍ക്ക് എന്നും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. പ്രായമെത്ര കടന്നുപോയാലും വിമാനം പോകുമ്പോള്‍ അറിയാതെ എങ്കിലും നമ്മുടെ ശ്രദ്ധ വെളിയിലേക്ക് പോകാറുണ്ട്. പലരും യാത്ര ചെയ്തിട്ടുണ്ടെന്നല്ലാതെ വിമാനങ്ങളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ആളുകള്‍ക്ക് വലിയ ധാരണ ഉണ്ടാകില്ല. അധികമാരും ചര്‍ച്ചചെയ്യാത്ത ഇത്തരത്തിലൊരു വിഷയമാണ് ആളുകളില്‍ ഇപ്പോള്‍ കൗതുകം ജനിപ്പിക്കുന്നത്. എന്താണന്നല്ലേ? സാധാരണായി വിമാനങ്ങള്‍ക്ക് വെള്ളനിറമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വെള്ള നിറം കൊടുത്തിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
വിമാനങ്ങള്‍ക്ക് ഇരുണ്ട നിറത്തേക്കാള്‍ വെള്ള നിറം നല്കാന് പ്രധാന കാരണം ഇരുണ്ട നിറത്തിലുള്ള പെയിന്റിന് ഭാരം കൂടുതലാണ് എന്നതാണ്. എട്ട് ആളുകളുടെ ഭാരത്തിന് തുല്ല്യമാണ് ഇരുണ്ട നിറത്തിലുള്ള പെയിന്റ് നല്‍കുന്നതത്രെ. ബിബിസി ടു ക്യുഐ അവതാരകയായ സാന്‍ഡി ടോക്സ്വിഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'ഡാര്‍ക്ക് പെയിന്റ് കൂടുതല്‍ ഭാരമുള്ളതാണ്. കാരണം, അതില്‍ കൂടുതല്‍ പിഗ്മെന്റുകള്‍ അടങ്ങിയിട്ടുണ്ട്' എന്ന് ടോക്സ്വിഗ് പറഞ്ഞു. അതുപോലെ, പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടറില്‍ സ്പെഷ്യലൈസ് ചെയ്ത Menkor Aviation പറയുന്നത് സൂര്യപ്രകാശത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള എന്നതും വിമാനത്തിന് കൂടുതലായി വെള്ളനിറം നല്കാന് ഒരു കാരണമാണ് എന്നാണ്.
അതുപോലെ തന്നെ വളരെയധികം വെയിലുള്ള ഒരു ദിവസം ആളുകള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാറുണ്ട്. അതിന് തുല്ല്യമാണ് വിമാനത്തിന് വെള്ള പെയിന്റ് നല്‍കുന്നത് എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. പക്ഷികളുമായി കൂട്ടിയിടിക്കേണ്ടി വരുന്നതും വലിയ അപകടം സംഭവിക്കുവാന്‍ കാരണമായി തീര്‍ന്നേക്കാം. അങ്ങനെ പക്ഷികളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും വിമാനത്തിന് വെള്ളനിറം നല്‍കുന്നത് സഹായകമാകും എന്നാണ് കണ്ടെത്തല്‍.






