കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലി നേരെത്തെ തീരുമാനിച്ചതനുസരിച്ച് ഈ മാസം 23 ന് കോഴിക്കോട് കടപ്പുറത്ത് തന്നെ നടത്തുമെന്ന് എം കെ രാഘവന് എം പി. കളക്ടര്‍ അറിയിച്ചത് റാലിക്ക് അനുമതി നല്കില്ലെന്നാണെന്നും ശശി തരൂര്‍ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത് നവകേരള സദസിന് വേദിയൊരുക്കാനാണെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. പലസ്തീന് വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്യം അനുമതി നല്‍കിയതിന് ശേഷമാണ് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ ഹമാസിനെതിരെ മുസ്ലിം ലീഗിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് നടത്തുന്ന റാലിയില്‍ തരൂര്‍ ഉണ്ടാകുമോ എന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് ഉത്തരമായി ശശി തരൂര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് എം കെ രാഘവന് വ്യക്തമാക്കിയിരിക്കുന്നത്. തരൂരിന്റെ പ്രസ്താവനയില്‍ നിലപാട് പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും രാഘവന് പറഞ്ഞു.






