കൊല്ലം: ഒരു ദിവസം തന്നെ ഇരുപതിലേറെ തവണ വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് ഒന്‍പത് വീടുകളിലെ ബില്‍ തുക ചില്ലറയായി നല്കി പഞ്ചായത്ത് മെമ്പര്‍. കഴിഞ്ഞ ദിവസം കെഎസ്ഇബി പട്ടാഴി സെക്ഷന്‍ ഓഫീസിലായിരുന്നു സംഭവം നടന്നത്. ബില്‍ തുകയായ എണ്ണായിരത്തോളം രൂപയാണ് ചില്ലറയായി കൊണ്ടുവന്നത്.
വളരെ വേറിട്ട രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത് കൊല്ലം തലവൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡിലെ ബി ജെ പി അംഗമായ സി രഞ്ജിത്താണ്. ഇന്നലെയായിരുന്നു ബില്‍ തുക അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസം. ഇയാള്‍ ഒന്‍പത് വീടുകളിലെ ബില്ലുമായി നേരിട്ടെത്തിയാണ് പണം അടച്ചത്. പണം സഞ്ചിയിലാക്കിയാണ് എത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ ഒരുമിച്ച് ഇരുന്ന് നാണയ തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. പവര്‍കട്ട് ഇനിയും തുടര്‍ന്നാല്‍ വാര്‍ഡിലെ എല്ലാവീടുകളിലെയും ബില്‍ തുക നാണയമായി എത്തിക്കുമെന്നും രഞ്ജിത്ത് ജീവനക്കാരോട് പറഞ്ഞു.
സമയം പറഞ്ഞട്ടുള്ള പവര്‍കട്ടല്ല, ദിവസവും ഇരുപതിലേറെ തവണ വൈദ്യുതി പോകുന്നു തുടര്‍ച്ചയായി വൈദ്യൂതി പോവുകയും വരുകയും ചെയ്യുന്നത് കാരണം പല വീടുകളിലെയിം ഇലക്ടോണിക് ഉപകരണങ്ങള്‍ തകരാറിലാകുകയാണ്. ഇങ്ങനെ തന്നെ കുറേ നാളായി പോകുന്നു. എപ്പോഴും പഞ്ചായത്ത് കമ്മിഷനിലൊക്കെ പരാതി പറയാറുണ്ട്. ഇവിടെ മരങ്ങള്‍ ഉള്ളതിനാലാണ് വൈദ്യൂതി പോകുന്നതെന്നാണ് അവര്‍ പറയുന്നത്. കെഎസ്ഇബിയോടാണ് തന്റെ പ്രതിഷേധമെന്നും രഞ്ജിത് പറയുന്നു.






