
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇവയില്‍ ചില വാര്‍ത്തകള്‍ ആളുകളെ അമ്പരപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു പെയിന്റിംഗിനെ സംബന്ധിക്കുന്ന വാര്‍ത്തയാണ് ആളുകളില്‍ കൗതുകം നിറയ്ക്കുന്നത്. അടുക്കളയില്‍ വര്‍ഷങ്ങളോളം പൊടിപിടിച്ച് കിടന്ന ഒരു പഴഞ്ചന്‍ പെയിന്റിംഗിന് ലേലത്തില്‍ വിറ്റപ്പോള്‍ കോടികണക്കിന് തുക കിട്ടിയ വാര്‍ത്തയാണ് ഇത്. സാധാരണയായി വീട്ടിലെ അടുക്കളയില്‍ പൊടിപിടിച്ച നിലയില്‍ ഒരു പഴഞ്ചന്‍ പെയിന്റിംഗ് കണ്ടാല്‍ പലരും വലിച്ചെറിയുകയോ ചവറ്റുകുട്ടയില്‍ കളയുകയോ ആണ് ചെയ്യാറ്. ഇവിടെയും ഒരു സ്ത്രീ അങ്ങനെതന്നെ ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ അവര്‍ നശിപ്പിച്ച് കളയാന്‍ പോയത് കോടികള്‍ വില മതിക്കുന്ന ഒരു പെയിന്റിംഗാണ്.
ഈ സംഭവം നടക്കുന്നത് 2019 -ലാണ്, വീട്ടുകാര്‍ അവരുടെ വീട് വൃത്തിയാക്കുകയായിരുന്നു. ആ സമയത്ത് അടുക്കളയിലെ സ്റ്റൗവിന് മുകളില്‍ വര്‍ഷങ്ങളായി കിടക്കുന്ന പെയിന്റിംഗ് എന്ത് ചെയ്യണം എന്ന ആലോചന വന്നു. ഇതൊരു സാധാരണ ചിത്രമാണ് എന്ന് കരുതി കളയാനിരുന്നെങ്കിലും ഉടമ വെറുതെ ഒരു വിദഗ്ദ്ധനെ കൊണ്ട് അതൊന്നു പരിശോധിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് അത് 13 -ാം നൂറ്റാണ്ടിലെ ഫ്ളോറന്റൈന് മാസ്റ്റര്‍ സിമാബ്യൂവിന്റെ 'ക്രൈസ്റ്റ് മോക്ക്ഡ്' എന്ന പെയിന്റിംഗാണ് എന്ന് തിരിച്ചറിയുന്നത്. ഒറിജിനല്‍ പെയിന്റിംഗ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിന് കോടികളുടെ മൂല്ല്യമുണ്ട് എന്ന് അറിയുന്നത്. തുടര്‍ന്ന് പെയിന്റിംഗ് ലേലത്തിന് വെക്കുകയായിരുന്നു.
ലേലത്തിന് വച്ച ഈ പെയിന്റിംഗ് ഒരു ദേശീയനിധിയാണ് എന്ന് തിരിച്ചറിഞ്ഞ ലൂവ്രെ മ്യൂസിയം അത് സ്വന്തമാക്കാന്‍ വേണ്ടി ശ്രമിച്ചു എങ്കിലും അതിനുള്ള ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെ, 210 കോടിക്ക് മുകളില്‍ പണം കൊടുത്ത് ചിലിയില്‍ നിന്നുള്ള പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് അല്‍വാരോ സെയ്ഹ് ബെന്ഡെക്കും ആര്‍ക്കിടെക്ടായ ഭാര്യ അന ഗുസ്മാന് ആന്ഫെല്റ്റും അവരുടെ സ്വകാര്യ ശേഖരത്തില്‍ വയ്ക്കുന്നതിനായി ഈ കലാസൃഷ്ടി സ്വന്തമാക്കി. എന്നാല്‍ പെയിന്റിംഗ് കൈവിട്ടുപോകരുത് എന്നുണ്ടായിരുന്ന ഫ്രഞ്ച് സര്‍ക്കാര്‍ പെയിന്റിംഗിന്റെ കയറ്റുമതി ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. അത് സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കുന്നതിനായി ലൂവ്രെ മ്യൂസിയത്തിന് 30 മാസത്തെ സമയവും അനുവദിച്ചു. അങ്ങനെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആവശ്യത്തിനുള്ള ഫണ്ട് കണ്ടെത്തി ലൂവ്രെ മ്യൂസിയം ആ പെയിന്റിംഗ് സ്വന്തമാക്കി.






