
ഏറെ വൈകാരികമായ നിമിഷമാണെങ്കിലും പലപ്പോഴും ശവസംസ്കാര ചടങ്ങിനിടെയും അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ഇവിടെയും സമാനമായ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. ശവസംസ്കാരച്ചടങ്ങിനിടെ ശവപ്പെട്ടി തുറന്നപ്പോള്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ കണ്ടത് അതിനകത്ത് മറ്റൊരു സ്ത്രീയുടെ മൃതദേഹമാണ്. മിസിസിപ്പിയിലാണ് അപൂര്‍വ്വ സംഭവം നടന്നിരിക്കുന്നത്.
മരണമടഞ്ഞത് മേരി ജീന്‍ എന്ന സ്ത്രീയാണ്. തന്റെ സഹോദരിയോട് അന്ത്യയാത്ര പറയുന്നതിന് വേണ്ടി ഫ്യൂണറല്‍ ഹോമിലെത്തിയ അവരുടെ സഹോദരി ജോര്‍ജ്ജിയ റോബിന്‍സണ്‍ ആണ് ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നത് മേരി ജീന്‍ അല്ല എന്ന് തിരിച്ചറിയുന്നത്. ഫ്യൂണറല്‍ ഹോമിലെത്തിയ തങ്ങള്‍ അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. എല്ലാത്തിലും ഒപ്പിട്ട് നല്കി. പിന്നീട്, അവളുടെ മൃതദേഹം കാണാനായി പോയി. അവിടെ വച്ചാണ് കിടക്കുന്നത് തന്റെ സഹോദരിയല്ല എന്ന് തിരിച്ചറിഞ്ഞത് എന്നാണ് ജോര്‍ജ്ജിയയുടെ വെളിപ്പെടുത്തല്‍.
അന്ത്യയാത്രയില്‍ മേരി ജീനിനെ അണിയിക്കാന്‍ വാങ്ങി നല്കിയ ആഭരണങ്ങളും വസ്ത്രവും തന്നെയാണ് ആ പെട്ടിയിലുണ്ടായിരുന്ന മൃതദേഹത്തിലുണ്ടായിരുന്നത്. എന്നാല്‍, മൃതദേഹം മേരി ജീനിന്റെ ആയിരുന്നില്ലെന്ന് മാത്രം. അങ്ങനെ, ജോര്‍ജ്ജിയ പീപ്പിള്‍സ് ഫ്യൂണറല്‍ ഹോമിന്റെ ഡയറക്ടറോട് സംസാരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അയാള്‍ വളരെ മോശമായിട്ടാണ് അവരോട് സംസാരിച്ചത്. ജോര്‍ജ്ജിയയും കുടുംബവും പറയുന്നത് കേള്‍ക്കാന്‍ പോലും ഫ്യൂണറല്‍ ഹോം ഡയറക്ടര്‍ തയ്യാറായിരുന്നില്ല. അയാള്‍ വളരെ പരുഷമായിട്ടാണ് പ്രതികരിച്ചത്. കൂടുതല്‍ സംസാരിച്ചാല്‍ ഒരിക്കല്‍ അടച്ച തുകയെല്ലാം വീണ്ടും അടക്കേണ്ടി വരും എന്ന് പോലും അയാള്‍ പറഞ്ഞു എന്ന് ജോര്‍ജ്ജിയ പറയുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്നാല്‍ ഫ്യൂണറല്‍ ഹോമിലെ ജീവനക്കാര്‍ക്ക് മൃതദേഹം മാറിപ്പോയതായിരുന്നു. അവസാനം ഒരുവിധത്തില്‍ ഫ്യൂണറല്‍ ഹോം പുതിയ വസ്ത്രങ്ങളും മറ്റും മേരി ജീനിന്റെ മൃതദേഹത്തില്‍ ധരിപ്പിച്ചു. മറ്റേ മൃതദേഹത്തില്‍ ധരിപ്പിച്ച ഒന്നും തന്റെ സഹോദരിയുടെ ദേഹത്ത് ധരിപ്പിക്കരുത് എന്ന് ജോര്‍ജ്ജിയയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ആ ശവപ്പെട്ടി മാറ്റാന്‍ സ്ഥാപനം തയ്യാറായില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.






