
തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. ഈ അവസരത്തില്‍ മലയാളി താരം ഹരിശ്രീ അശോകന് മന്‍സൂര്‍ അലി ഖാനെതിരെ പറയുന്ന വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2000ത്തില്‍ റിലീസ് ചെയ്ത 'സത്യം ശിവം സുന്ദരം' എന്ന സിനിമയില്‍ മന്‍സൂര്‍ അലി ഖാന് ആയിരുന്നു പ്രതിനായക വേഷത്തില്‍ എത്തിയത്. ഹരിശ്രീ അശോകനും കൊച്ചിന് ഹനീഫയും പ്രധാന താരങ്ങളായ ചിത്രത്തിലെ സംഘട്ടന രംഗത്തില്‍ മന്‍സൂര്‍ യാതൊരു ശ്രദ്ധയുമില്ലാതെ പെരുമാറി എന്നാണ് വീഡിയോയില്‍ പറയുന്നത്.
ഹരിശ്രീ അശോകന്റെ വാക്കുകള്‍ ഇങ്ങനെ: 'സത്യം ശിവം സുന്ദരം എന്ന സിനിമയില്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സംഘട്ടന രംഗം ചിത്രീകരിക്കുകയാണ്. മന്‍സൂര്‍ അലി ഖാന് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. കൊച്ചിന് ഹനീഫയുടെയും എന്റെയും കഥാപാത്രങ്ങള്‍ക്ക് കണ്ണുകാണില്ല. മുകളിലേയ്ക്ക് നോക്കിയാണ് അഭിനയിക്കുന്നത്. അടി വരുന്നത് കാണാന്‍ പറ്റില്ല. മന്‍സൂര്‍ രണ്ടു മൂന്ന് തവണ കൈയ്യില്‍ ഇടിച്ചു, നെഞ്ചിന് ഒരു ചവിട്ടും. ഞാനൊരു തവണ ചവിട്ടരുത് ശ്രദ്ധിക്കണം, ടൈമിങ് നിങ്ങളുടെ കൈയ്യിലാണ് എന്ന് പറഞ്ഞു. അയാള്‍ കേട്ടഭാവം നടിച്ചില്ല. രണ്ടാമത് വീണ്ടും ചവിട്ടിയപ്പോള്‍ താക്കീത് ചെയ്തു. ഇനി ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ലെന്ന് പറഞ്ഞു. എന്നേക്കാള്‍ വലുതാണ് അയാള്‍, ഞാനത് അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കും. അങ്ങനെ ഒരു ബോധവും ഇല്ലാത്ത നടനാണ് മന്‍സൂര്‍ അലി ഖാന്,' .
മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയില്‍ തൃഷയെ ഇടാന്‍ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ല, ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നൊക്കൊണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ മന്‍സൂര്‍ പറഞ്ഞിരുന്നത്. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീന്‍ സ്പേസ് പങ്കിടില്ല എന്നുമാണ് തൃഷ പ്രതികരിച്ചത്. മന്‍സൂറിനെ പോലെയുളളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന് നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവര്‍ത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകന് ലോകേഷ് പ്രതികരിച്ചത്.
അതേസമയം പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധതിരച്ചതാണെന്നുമാണ് മന്‍സൂര്‍ അലി ഖാന്റെ വിശദീകരണം. താന്‍ തമാശ പറഞ്ഞതാണെന്നും തന്നെ എല്ലാവര്ക്കും അറിയാമെന്നും വിശദീകരണക്കുറിപ്പില്‍ ഉണ്ട്.






