
അര്ജുന് ദാസും, അന്ന ബെന്നും മുഖ്യ കഥാപാത്രങ്ങളായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ' കോണ്‍ സിറ്റി'. ഹരീഷ് ദുരൈരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ അന്ന ബെന്നിനെക്കുറിച്ച് അര്ജുന് ദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. വളരെ അനായാസമാണ് അന്ന അഭിനയിക്കുന്നതെന്ന് അര്ജുന് പറഞ്ഞു. അടുത്തിടെ നല്കിയ ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
"ഞാൻ എന്റെ കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളെ നന്നായി നിരീക്ഷിക്കാറുണ്ട്. ഓരോ സഹ-താരങ്ങളും സ്പെഷ്യൽ ആയി എന്തെങ്കിലും നൽകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ".- അർജുൻ പറഞ്ഞു
അന്ന ബെന്നിന് അഭിനയത്തോടുള്ള സമർപ്പണത്തെ കുറിച്ചും അർജുൻ പ്രശംസിച്ചു. "വളരെ പെട്ടെന്നാണ് അന്ന ഒരു കഥാപാത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും. ഒരു മാനസികാവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ വളരെ പെട്ടെന്നാണ് അന്ന മാറുന്നത്.
തമിഴിൽ അഭിനയിക്കുക എന്നത് അന്നയെ സംബന്ധിച്ച് ഒരു വെല്ലുവിളിയുമായിരുന്നു. ഭാഷ നന്നായി അറിയില്ലാഞ്ഞിട്ടു കൂടി സംവിധായകൻ ആഗ്രഹിച്ചതു പോലെ തന്നെ അന്ന പെർഫോം ചെയ്തുവെന്നും" അദ്ദേഹം വ്യക്തമാക്കി.
സംവിധായകന് ഹരീഷ് ദുരൈരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. യോഗി ബാബു, വടിവുക്കരശി, ഇമ്മാന് അണ്ണാച്ചി, അധിലന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






