
ന്യൂഡല്‍ഹി: ഗുണ്ടയായി മാറിയ മുന്‍ ദേശീയ തലത്തിലുള്ള ഭാരോദ്വഹന ചാമ്പ്യനെ രണ്ടുമാസത്തെ ഓപ്പറേഷന് ശേഷം പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2018 മുതല്‍ പോലീസിന്റെ റഡാറില്‍ ഉണ്ടായിരുന്ന വിജയ് പെഹല്വാന് (42) ആണ് അറസ്റ്റിലായത്. 2011-ല്‍ ഒരു തട്ടിക്കൊണ്ടുപോകല്‍-കൊലപാതക കേസിലും മറ്റ് 19 ക്രൂരമായ കുറ്റകൃത്യങ്ങളിലും പ്രതിയായ ഇയാള്‍ മൂന് കായിക താരമായിരുന്നു.
2011 ല്‍ തന്റെ വസന്ത് കുഞ്ച് പ്ലോട്ട് കൈമാറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്ന കേസിലാണ് പോലീസ് ഇപ്പോള്‍ പിടികുടിയിരിക്കുന്നത്. അധോലോക നായകനായി മാറിയ ശേഷം തട്ടകം മഹാരാഷ്ട്രയിലേക്ക് കൂടുമാറിയ വിജയ് ഗുസ്തി പുനരാരംഭിച്ചിരുന്നു. പിന്നീട് ഛത്തീസ് ഗഡിലേക്കും തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്കും മാറി. അവിടെ വെച്ചാണ് ഇയാള്‍ പിടിയിലായത്.
മുമ്പ് ഒരു കേസില്‍ പരോള്‍ നേടി മുങ്ങിയ ഇയാളുടെ തലയ്ക്ക് പോലീസ് രണ്ടുലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. റീയല്‍ എസ്റ്റേറ്റ് വമ്പനായി മാറിയ ഇയാള്‍ക്ക് പിഎസ്ഒമാരും ഗാര്‍ഡുകളും ഒരു ഡസന്‍ ജോലിക്കാരും ഉള്ള ഒരു വിശാലമായ ഫാംഹൗസും ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. മദ്ധ്യപ്രദേശില്‍ ഇരുന്നുകൊണ്ട ഡല്‍ഹിയിലെ തന്റെ ഗുണ്ടാ സംഘത്തെ ഇയാള്‍ നിയന്ത്രിച്ചിരുന്നു.
നേരത്തേ ഒളിവില്‍ പോയപ്പോള്‍ വിജയ് എന്ന തന്റെ പേരും രൂപവും മാറി വിക്രം സിംഗ് എന്നാക്കി മാറ്റിയിരുന്നു. തന്റെ ഗുരുവിന്റെ ഉപദേശപ്രകാരം ആയിരുന്നു അങ്ങിനെ ചെയ്തത്. പിന്നീട് അത് വി എന്നാക്കി നിലനിര്‍ത്തുകയും ചെയ്തു. തന്റെ അനന്തരവന്റെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് 2018 ല്‍ രണ്ടു ദിവസത്തെ പരോള്‍ വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. അതിന് ശേഷമാണ് ഇയാളുടെ വിവരത്തിനായി പോലീസ് ഇനാം ഇട്ടത്. അടുത്തിടെ മദ്ധ്യപ്രദേശില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടാനായി ഡിസിപി അമിത് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഡല്‍ഹിപോലീസിലെ ക്രൈംബ്രാഞ്ച് സജ്ജമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു അഖാഡയിലാണ് താന്‍ ആദ്യം ജോലി ചെയ്തതെന്നും ഒളിവില്‍ പോയ ശേഷം അവിടെവെച്ച് ഒരു സ്ത്രീയെ കണ്ടുമുട്ടിയെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം, അവനും യുവതിയും ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് പോയി, അവിടെ അവര്‍ പ്രോപ്പര്‍ട്ടി ബിസിനസ്സ് ആരംഭിച്ചു. പിന്നീട് ജബല്പൂരില് പ്രോപ്പര്‍ട്ടി ബിസിനസ്സ് ആരംഭിക്കാന്‍ ചില സുഹൃത്തുക്കളെയും കണ്ടുമുട്ടി. അങ്ങനെ, ഒളിത്താവളം മാറ്റി ജബല്‍പൂരിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി ജബല്പൂരില് റീയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് ഉണ്ട്. '' ഭൂമിയും വില്ലകളും ഫാമുകളും വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ബിസിനസാണ് ചെയ്തു വന്നിരുന്നത്. മുംബൈയിലും ഗുജറാത്തിലുമായി രജിസ്റ്റര്‍ ചെയ്ത വിവിധ ക്രിമിനല്‍ കേസുകളില്‍ ഇയാളും രണ്ട് ആണ്മക്കളും, രണ്ട് അഭിഭാഷകരും ഉള്‍പ്പെട്ടിട്ടുണ്ട്.'' യാദവ് പറഞ്ഞു. ഡല്‍ഹിയിലെ പല കേസുകളും വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലും പരിസരത്തും ആണ്. പ്രതി കിഷന്‍ഗഡ് പ്രദേശത്തെ ചില പ്ലോട്ടുകള്‍ തട്ടിയെടുക്കുകയും ഉടമസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.






