
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ ബില്‍ ഗേറ്റ്സ് നവംബര്‍ 19 ലോക ടോയ്ലറ്റ് ദിനത്തില്‍ അഴുക്കുചാലില്‍ ഇറങ്ങിയത് സംബന്ധിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ കണ്ട് ഇദ്ദേഹം എന്തിനാണ് ഇത്തരത്തില്‍ അഴുക്കുചാലില്‍ ഇറങ്ങിയതെന്നാണ് പലരും ആശ്ചര്യപ്പെട്ടത്. എന്നാല്‍ ഇതിനുള്ള മറുപടിയായി ബില്‍ ഗേറ്റ്സ് പറഞ്ഞത് മലിന ജല സംവിധാനത്തിന്റെ ചരിത്രവും ആഗോള ആരോഗ്യത്തില്‍ മലിനജലത്തിന്റെ പങ്കും മനസിലാക്കാന്‍ ലോക ടോയ്ലറ്റ് ദിനം പോലൊരു ദിവസം വേറെയില്ല എന്നാണ്.
നവംബര്‍ 19 ന് ബ്രസീലിലെ ഒരു അഴുക്കുചാലിലാണ് ബില്‍ ഗേറ്റ്സ് ഇറങ്ങിയത്. ഇദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ പങ്കുവച്ച് കൊണ്ട് ബില്‍ ഗേറ്റ്സ് ഇങ്ങനെ കുറിച്ചു, 'ഈ വര്‍ഷത്തെ WorldToiletDay-നായി ബ്രസ്സല്‍സിലെ മലിനജല സംവിധാനത്തിന്റെ മറഞ്ഞിരിക്കുന്ന ചരിത്രവും ആഗോള ആരോഗ്യത്തില്‍ മലിനജലത്തിന്റെ പങ്കും ഞാന്‍ പര്യവേക്ഷണം ചെയ്തു.'
വീഡിയോയില്‍ ബ്രസല്‍സിലെ തെരുവിലെ ഒരു അഴുക്കുചാലിന്റെ അടപ്പ് തുറന്ന് ബില്‍ ഗേറ്റ്സ് അതിലേക്ക് ഇറങ്ങുന്നതാണ് കാണുന്നത്. തുടര്‍ന്ന് തുരങ്കത്തിന്റെ ഉള്ളിലൂടെ കടന്ന് പോകുന്ന ബില്‍ഗേറ്റ്സ്, നഗരത്തിലെ മാലിനജല സംവിധാനത്തിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനായി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നു. 200 മൈല്‍ ദൂരമുള്ള (321 കിലോമീറ്റര്‍) അഴുക്കുചാലുകളുടെയും അതിന്റെ ശുദ്ധീകരണ പ്ലാന്റകളുടെയും വിപുലമായ ശൃംഖല, നഗരത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചും അദ്ദേഹം മനസിലാക്കി. മുന്‍ വര്‍ഷങ്ങളിലും ബില്‍ ഗേറ്റ്സ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.






