
സെലിബ്രിറ്റികള്‍ അവരുടെ സന്തോഷങ്ങള്‍ മാത്രമല്ല സങ്കടങ്ങളും പങ്കിടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. പലരും അതിലൂടെ തങ്ങളുടെ വിഷമങ്ങള്‍ കണ്ണുനീരായി തന്നെ തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ തനിച്ചായതിനാല്‍ വാടകവീട് ലഭിക്കുന്നില്ലെന്ന് പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ഹിന്ദി ടെലിവിഷന്‍ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുന്‍ ഭാര്യയുമായ ചാരു അസോപ. ആണ്‍തുണയില്ലാതെ പെണ്ണിനു ജീവിക്കാന്‍ കഴിയാത്ത രീതിയിലേക്കു രാജ്യം മാറിയോ എന്നാണ് കരഞ്ഞുകൊണ്ട് താരം സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്.
‘‘നമ്മുടെ സമൂഹത്തിൽ, ഒരു സ്ത്രീ എന്ത് ചെയ്താലും, എത്ര ചെയ്താലും അവളെക്കുറിച്ചുള്ള ചിന്താഗതി മാറുന്നില്ല. ഇന്നും ഒരു സ്ത്രീക്ക് വീട് കൊടുക്കുന്നതിന് മുമ്പ് ഏതെങ്കിലും പുരുഷന്റെ പേര് അവളുമായി ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കും, ഇല്ലെങ്കിൽ അവൾക്ക് വീട് പോലും നൽകുന്നില്ല. ഇന്നും ഒരു പെണ്ണിന്റെ പേരിനോട് ആണിന്റെ പേരു ചേര്‍ന്നിട്ടില്ലെങ്കില്‍ അവള്‍ക്കു വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ഈ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു. വീടു നൽകാൻ വിസമ്മതിക്കുന്ന ഇവർ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ വലിയ പ്രസംഗങ്ങൾ നടത്തുന്നു. എന്തൊക്കെ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാകില്ല. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇന്ന് വീണ്ടും എനിക്ക് ഒരു സൊസൈറ്റിയിൽ വീട് നൽകാൻ പലരും വിസമ്മതിച്ചു, കാരണം ഞാൻ ഒരു അമ്മയാണ്. ഞാന്‍ ഭര്‍ത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാല്‍, സിംഗിള്‍ മദര്‍ ആയതിനാല്‍ വീണ്ടും ഇന്ന് എനിക്ക് വീട് നിഷേധിക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കേണ്ട കാര്യം, സ്ത്രീകളെ ആരാധിക്കുന്ന നാട്ടിലെ സ്ത്രീകളുടെ അവസ്ഥയാണിത്...’’ ചാരു പറയുന്നു.






