
റസ്റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഹോട്ടല്‍ ജീവനക്കാര്‍ക്ക് സാധാരണയായി ടിപ്പ് നല്‍കാറുണ്ട്. നമ്മുടെ നാട്ടില്‍ ടിപ്പ് നല്കാന് എല്ലാവരും തയ്യാറായില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് വളരെ നല്ല ഒരു പ്രവൃത്തിയായിട്ടാണ് ആളുകള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥമായും ബഹുമാനത്തോടെയുമാണ് അത് ചെയ്യുന്നതെങ്കില്‍ ടിപ്പ് നല്കുന്നവര്ക്കും അത് വാങ്ങുന്നവര്‍ക്കും സന്തോഷുള്ള കാര്യമാണ്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു റസ്റ്ററന്റ് ജീവനക്കാരിക്ക് ടിപ്പ് നല്‍കുന്നതിന്റെ വീഡിയോയാണ് ഇത്. യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം മുന്‍പ് അതായത് കഴിഞ്ഞ ക്രിസ്മസിന് എടുത്ത വീഡിയോയാണ് ഇതെങ്കിലും വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്.
@goodnews_movement എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഗര്‍ഭിണിയായ ഒരു ഹോട്ടല്‍ വെയിട്രസിനെയാണ് കാണുന്നത്. ഇവര്‍ക്ക് ഭക്ഷണം കഴിഞ്ഞ് പോകാന്‍ നേരം ഒരു കസ്റ്റമര്‍ 1,300 ഡോളര്‍ (ഒരു ലക്ഷത്തിലധികം രൂപ) ടിപ് ആയി സമ്മാനിക്കുകയായിരുന്നു. ഇത്രയും തുകയാണ് ടിപ് എന്നറിഞ്ഞതോടെ ആദ്യം വെയിട്രസ് ഈ ഓഫര്‍ നിരസിക്കുന്നുണ്ട്. ശേഷം ഇവര്‍ വൈകാരികമാകുന്നു. ക്രിസ്മസ് സമയമായിരുന്നു അത്. അപ്രതീക്ഷിതമായി ഒരാളെ സഹായിക്കുകയെന്ന ഉദ്ദേശമായിരുന്നു ടിപ് നല്കിയ ആള്‍ക്കുണ്ടായിരുന്നത്. പക്ഷേ ആ വെയിട്രസിനെ സംബന്ധിച്ചിടത്തോളം ആ പണം വലിയ സഹായകമായിരുന്നു.
പങ്കാളി കൂടെ ഇല്ലാത്തതിനാല്‍ ഒറ്റയ്ക്കാണ് യുവതി താമസിക്കുന്നത്. പ്രസവത്തിന് ശേഷം മറ്റൊരു സര്‍ജറിക്ക് കൂടി വിധേയ ആകേണ്ട അവസ്ഥയായിരുന്നു അവര്‍ക്ക്. ആ സമയത്ത് പണം കിട്ടിയത് വലിയ സഹായമായി എന്ന് പിന്നീട് ഇവര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തായാലും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായത്. ഏറെ പോസിറ്റീവായ ഈ കാഴ്ച വീണ്ടുമൊരു ക്രിസ്മസ് കൂടി അടുക്കുന്ന സമയത്ത് പിന്നെയും ആളുകള്‍ ഏറെ ഇഷ്ടത്തോടെ കാണുകയാണ്. നിരവധി പേരാണ് അജ്ഞാതനായ കസ്റ്റമര്‍ക്ക് നന്ദിയും സ്നേഹവും ആദരവും അര്‍പ്പിക്കുന്നത്.






