
ദമ്പതികളെ വെട്ടിലാക്കാന്‍ ഡേറ്റിംഗ് ആപ്പുകളില്‍ പുതിയ പരീക്ഷണം നടത്താന്‍ ചൈന. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ലൊക്കേഷന്‍ ട്രാക്കിംഗ് ടൂള്‍ സജ്ജമാക്കാനാണ് ആപ്പ് ഡെവലപ്പേഴ്സ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് ദമ്പതികള്‍ തമ്മിലുള്ള വിശ്വാസവും സുരക്ഷയും വര്‍ദ്ധിപ്പിക്കുമെന്നാണ് ആപ്പ് നിര്‍മ്മാതക്കളുടെ കരുതുന്നത്. എന്നാല്‍ സംഭവം പുറത്തുവന്നതോടെ ആളുകളുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
'റിലേഷന്‍ഷിപ്പ് സര്‍വൈലന്‍സ് ടൂള്‍' എന്നറിയപ്പെടുന്ന ഈ ഫീച്ചറിനു കീഴില്‍ ലഭ്യമാക്കുന്ന പ്രധാന സേവനങ്ങള്‍ തത്സമയ ലൊക്കേഷന്‍ ട്രാക്കിംഗ്, ദിവസേനയുള്ള ചെക്ക്-ഇന്നുകള്‍, ഫോണ്‍ ഉപയോഗം പരിശോധിക്കാന്‍ അനുവദിക്കല്‍ എന്നിവയാണ്. ഒരു ബന്ധത്തിനുള്ളില്‍ സുതാര്യത വളര്‍ത്തുക എന്നതാണ് ഈ പദ്ധതിക്ക് പിന്നില്‍. എന്നാല്‍ പങ്കാളിയുടെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുന്ന ദമ്പതികള്‍ക്കിടയിലുള്ള പിരിമുറുക്കങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിക്കുമെന്നാണ് ഉപയോക്താക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ അതേസമയം ഈ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഉപയോക്താക്കള്‍ നിശ്ചിത തുക അടച്ച് ആപ്പ് സബ്സ്ക്രിപ്ഷന് എടുക്കേണ്ടതുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ ഫോണ്‍ വിവരങ്ങള്‍ പരസ്പരം പങ്കിടാന്‍ ദമ്പതികള്‍ക്ക് സാധിക്കും, ബാറ്ററി ലെവല്‍, നെറ്റ്വര്‍ക്ക് സ്റ്റാറ്റസ്, സ്ക്രീന്‍ അണ്‍ലോക്ക് ഹിസ്റ്ററി എന്നിവ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണ്‍ വിശദാംശങ്ങള്‍ ആക്സസ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാല്‍, ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയാല്‍ അത് ആളുകളുടെ സ്വകാര്യതയെ മോശമായി ബാധിക്കുമെന്നും ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷമായിരിക്കും ഇത്തരം പദ്ധതികളുടെ ഫലം എന്നും ഉപയോക്താക്കളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.






