
കോഴിക്കോട്: കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് പ്രയോഗിച്ച കണ്ണീര് വാതക ഷെല്‍ തിരിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്. ഷെല്‍ തിരിച്ചു വീണതോടെ പോലീസ് സംഘം ചിതറിയോടി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിയെ ഡി.സി.പി: കെ.ഇ. ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. അതിനിടെ പോലീസ് പ്രയോഗിച്ച കണ്ണീര് വാതക ഷെല്ലാണ്, പ്രവര്ത്തകന് നിലത്തുനിന്നെടുത്ത് തിരിച്ചെറിഞ്ഞത്.
മാര്‍ച്ച് തടയാന്‍ സ്ഥാപിച്ച ബാരിക്കേഡിനു സമീപത്തുനിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാനാണു പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീര് വാതക ഷെല്‍ എറിഞ്ഞതോടെ പ്രവര്‍ത്തകര്‍ നാലുപാടും ചിതറി. ഇതിനിടെ െകെയില്‍ തുണിയുമായി ഓടിയെത്തിയ പ്രവര്‍ത്തകരിലൊരാള്‍, അതെടുത്ത് തിരിച്ച് എറിയുകയായിരുന്നു.
ഇതോടെ പോലീസ് സംഘം ചിതറിയോടി. സമരത്തെ നേരിടുന്നതിനായി എത്തിച്ച ജലപീരങ്കിയുമായെത്തിയ വാഹനവും പിന്നിലേക്കു മാറ്റി. കണ്ണീര് വാതകം സൃഷ്ടിച്ച വൈഷമ്യത്തെ തുടര്‍ന്ന് പോലീസുകാര്‍ റോഡില്‍നിന്ന് ഓടി മാറുകയായിരുന്നു. പ്രവര്ത്തകന് കണ്ണീര് വാതക ഷെല്‍ തിരിച്ചെറിയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദാരവം മുഴക്കി. പത്ത് മിനിറ്റോളം അസ്വസ്ഥത നേരിട്ടതിനുശേഷം തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് സംഘം കണ്ണീര് വാതകത്തെ 'മെരുക്കിയത്.
ഇപ്പോള്‍ കണ്ണീര് വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പോലീസുകാര്‍ക്ക് ശരിക്കും മനസിലായിക്കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധമില്ലാതെ ഈ നവകേരള സദസ് പൂര്‍ത്തീകരിക്കാനാകുമോയെന്നു നോക്കാന്‍ രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു.






