
കൊല്ലം : ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍, ഭാര്യ, മകള്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഉടന്‍ പാരിപ്പള്ളി സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം പാരിപ്പളളിയില്‍ വെച്ച് കടയില്‍ നിന്നും ഫോണ്‍ വാങ്ങി വിളിച്ചത് ഇയാളുടെ ഭാര്യയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മകളും ആസൂത്രണത്തില്‍ പങ്കാളിയായിരുന്നു. കടുത്ത സാമ്പത്തീക ബാദ്ധ്യതയെ തുടര്‍ന്നായിരുന്നു ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. 1993 ല്‍ എഞ്ചിനീയറിംഗ് ബിരുദം ഉയര്‍ന്ന മാര്‍ക്കില്‍ പാസ്സായ പത്മകുമാര്‍ പിന്നീട് പലതരം ബിസിനസ് നടത്തി. ആദ്യം മികച്ച ലാഭം കിട്ടിയിരുന്നെങ്കിലും പിന്നീട് അതെല്ലാം നഷ്ടമായി. തുടര്‍ന്ന് പിടിച്ചു നില്ക്കാന് ചെയ്ത ഫാം ഉള്‍പ്പെടെ എല്ലാം നഷ്ടമായി. ദേശീയപാതയില്‍ ഒരു ബേക്കറി തുടങ്ങാന്‍ ലക്ഷ്യമിട്ടു അതും ബാധ്യതയായി മാറി.
ലോണ്‍ ആപ്പുവഴിയും പണമെടുത്തിരുന്നു. അതും തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലാണ്. മകള്‍ക്ക് ഒരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. അതുവഴി പണം കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ കണ്ടന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം ആ പണം വരവ് നിലച്ചുപോയി. ആഡംബര ജീവിതം നയിച്ചിരുന്ന പത്മകുമാറിന് രണ്ടു കാറുകള്‍ ഉണ്ടായിരുന്നു. പുറംലോകവുമായി വലിയ ബന്ധവും കുടുംബം പുലര്‍ത്തിയിരുന്നില്ല. ഇങ്ങിനെ സാമ്പത്തീക ബാധ്യത അധികമായതോടെയാണ് അടിയന്തിരമായി 10 ലക്ഷം രൂപയുണ്ടാക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഇതിനായി ദിവസങ്ങളുടെ ആസൂത്രണമാണ് ഇവര്‍ നടത്തിയത്. കൃത്യം ലക്ഷ്യമിട്ട് അനേകം നമ്പര്‍ പ്ളേറ്റുകള്‍ ഉണ്ടാക്കി.
സ്്കൂളില്‍ നിന്നും പോകുന്ന ഒറ്റപ്പെട്ട കുട്ടികളെ തെരഞ്ഞായിരുന്നു ആദ്യം പോയത്. അതിനിടയിലാണ് ആറു വയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനുള്ള ഭീഷണിക്കത്തായിരുന്നു ആണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കാനിരുന്നത്. കുട്ടിയെ ഉപദ്രവിക്കില്ലെന്നും പോലീസിനെ അറിയിക്കരുതെന്നും. പണം എത്രയും വേഗം നല്‍കണമെന്നുമായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ആണ്‍കുട്ടി കത്ത് വാങ്ങാതിരുന്നത് തിരിച്ചടിയായി. തുടര്‍ന്നായിരുന്നു ആറു വയസ്സുകാരിയെ തട്ടിയെടുത്തത്. കുട്ടിയില്‍ നിന്നും നമ്പര്‍ വാങ്ങി മാതാവിനെ വിളിച്ചതും.
കുട്ടിയുമായി ആദ്യം പോയത് ചിറക്കരയിലെ ഫാംഹൗസിലേക്കായിരുന്നു. പിന്നീട് ചാത്തന് തറയിലേക്ക് കൊണ്ടുപോയത്. ടിവി. കണ്ടപ്പോഴാണ് സംഭവം വലിയ വിവാദമയാതായി മനസ്സിലായത്. തുടര്‍ന്നായിരുന്നു കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. ഇവര്‍ക്ക് കുട്ടിയുടെ പിതാവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമോ സാമ്പത്തീക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.






