
അടൂര്‍: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ പണമിടപാട്. മകളുടെ നഴ്സിങ് പ്രവേശനത്തിനു നല്കിയ അഞ്ചുലക്ഷം തിരികെക്കിട്ടാനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന പ്രതി പത്മകുമാറിന്റെ മൊഴി വ്യാജമെന്ന കരുതലില്‍ പോലീസ്. പണമിടപാടിന്റെ വ്യാപ്തി വലുതാണെന്നും ഇടപാട് മറ്റെന്തോ ആണെന്നുമാണ് പോലീസിന്റെ നിഗമനം.
മകള്‍ക്ക് നഴ്സിങ്ങിന് അസ്മിഷന് ലഭിക്കുന്നതിനായി രണ്ടു വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപാ കുട്ടിയുടെ പിതാവിന് െകെമാറിയിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി. അഡ്മിഷന് ലഭിച്ചില്ലെന്ന് മാത്രമല്ല പണം തിരികെ കിട്ടിയുമില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നല്‍കാം എന്ന് പറഞ്ഞതല്ലാതെ വാക്കുപാലിക്കാന്‍ കുട്ടിയുടെ പിതാവ് തയ്യാറായുമില്ല. ഇതിനിടെ റിയല്‍ എസ്േറ്ററ്റ് മേഖലയില്‍ ചില പാളിച്ചകള്‍ ഉണ്ടായി. ഫാമില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു. ജീവിതം വഴി മാറിയതോടെ മകളുടെ നഴ്സിങ് പഠനത്തിന് നല്കിയ പണം തിരികെ കിട്ടിയെ മതിയാകൂ എന്ന അവസ്ഥയിലായി. വീണ്ടും കുട്ടിയുടെ പിതാവിനെ സമീപിച്ചെങ്കിലും അയാള്‍ െകെമലര്ത്തി.
തുടര്‍ന്ന് ഒരു ക്വട്ടേഷന്‍ സംഘവുമായി പരിചയപ്പെട്ടു കുട്ടിയെ തട്ടിയെടുത്ത് വില പേശാന്‍ തീരുമാനിച്ചുവെന്ന് പത്മകുമാര്‍ പറയുന്നു. കുട്ടിയെ തട്ടി ക്കൊണ്ടുപോകുന്നതിനോട് ഭാര്യയ്ക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘം ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് പല തവണ കൂട്ടിയുടെ വീടും പരിസരവും നിരീക്ഷിച്ചുവെന്നും ഇയാള്‍ പറഞ്ഞു. പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഇന്നലെ രാത്രി വളരെ െവെകിയും തുടര്‍ന്ന ചോദ്യംചെയ്യലില്‍ പ്രതികള്‍ നല്‍കുന്നത്. ഇതുകൊണ്ടുതന്നെ പ്രതികളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിനു നിരവധി നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചതായി സൂചന. ആദ്യം ഉപയോഗിച്ച നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റു നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചു വിദഗ്ധമായി പോലീസിനെയും മാധ്യമങ്ങളെയും കബളിപ്പിച്ചതായാണ് വിവരം.
എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍. മകള്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട കോഴ്സാണ് പഠിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 2014 മോഡല്‍ സ്വിഫ്റ്റ് കാര്‍ അടുത്ത കാലത്താണ് പത്മകുമാര്‍ വാങ്ങിയത്. ഇതു കുട്ടിയെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തൊടെയായിരുന്നോ എന്ന സംശയം ബാക്കിയാണ്. നമ്പര്‍ പ്ലേറ്റ് പലകുറി മാറ്റി കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് ചാത്തന്നൂരിനു സമീപമുള്ള ചിറക്കരയിലെ ഫാം ഹൗസിലെത്തിയത്. ഓടിട്ട വീടാണ് ഇത്. ദുരൂഹത നിറഞ്ഞ മേഖലയിലാണ് ഫാം ഹൗസ്.






