
ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ വാർത്തയും പിന്നീട് ആ കുട്ടിയെ കണ്ടു കിട്ടിയതുമെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ
കേസില്‍ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ച കേരള പൊലീസിന് സോഷ്യല്‍മീഡിയയില്‍ ഏറെ അഭിനന്ദനങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴിതാ അതിലേറ്റവും ശ്രദ്ധിക്കപ്പെടുന്നത് സിനിമ സീരിയൽ താരം കൃഷ്ണപ്രഭയുടെ വാക്കുകളാണ്. കഴിഞ്ഞ ദിവസം ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ പലരും എതിര്‍ത്ത് മറുപടി ഇട്ടിരുന്നു. അവര്‍ക്ക് മറുപടി എന്ന രീതിയിലാണ് കൃഷ്ണ പ്രഭയുടെ പോസ്റ്റ്. കണ്ണൂര്‍ സ്ക്വാഡിന്റെ ക്ലൈമാക്സില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് താരം ഫേസ്ബുക്കിലൂടെ കുറിച്ചത്.
"കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു..
"നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും.." ഒരിക്കൽ കൂടി കേരള പൊലീസിന് സല്യൂട്ട്... " എന്നാണ് താരം കുറിച്ചത്.
കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്നാണ് പൊലീസ് നല്കുന്ന വിവരം. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിനന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.






