
ഓരോ കുട്ടികളുടെയും വളര്‍ച്ചയില്‍ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അധ്യാപകരാണ്. അധ്യാപകരുടെ ശാസനകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുണ്ട്. എങ്കിലും അധ്യാപകര്‍ എന്നു കേള്‍ക്കുമ്പോള്‍ പല കുട്ടികള്‍ക്കും പേടി സ്വപ്നമാണ്. കാരണം ചെറിയ കാര്യങ്ങള്‍ക്ക് പോലും കുട്ടികളെ അമിതമായി ശാസിക്കുന്ന നിരവധി അധ്യപകര്‍ ഉണ്ട്. പരീക്ഷകള്‍ക്ക് മാര്‍ക്കു കുറയുമ്പോള്‍ കുട്ടികളെ കുറ്റപ്പെടുത്തുകയും ശാസിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി അധ്യാപകരുടെ വാര്‍ത്തകളും നാം കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ അതേസമയം കുട്ടികളെ ആശ്വസിപ്പിക്കുകയും പഠനത്തില്‍ മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധ്യപകരും ഈ ലോകത്ത് അനേകം ഉണ്ട് എന്ന് തെളിയിക്കുകയാണ് ചൈനയിലെ കുറച്ച് അധ്യാപകര്‍.
ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ പോലും ഈ അധ്യാപകരാണ് താരം. കാരണം എന്താണന്നല്ലേ? വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേപ്പറുകള്‍ വിതരണം ചെയ്തപ്പോള്‍ ചില അധ്യാപകര്‍ അതില്‍ കുറിച്ച വരികളാണ്. മാര്‍ക്കുകള്‍ക്കൊപ്പം അലക്ഷ്യമായി വെരി ഗുഡ്, ഗുഡ്, ആവറേജ്, പുവര്‍ എന്നൊക്കെ എഴുതുന്നതിന് പകരം പ്രിയപ്പെട്ട, എന്റെ എന്നൊക്കെയുള്ള വൈകാരികമായ അഭിസംബോധനകള്‍ ചേര്‍ത്ത് ഓരോ വിദ്യാര്‍ഥിക്കും ഫീഡ് ബാക്ക് നല്കിയ രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കുട്ടികളുടെ ഉത്തരപേപ്പറില്‍ അധ്യാപകര്‍ എഴുതിയ സന്ദേശങ്ങളില്‍ ചിലത് ഇങ്ങനെയാണ്. 100 -ല്‍ 95.5 പോയിന്റ് നേടിയ ഒരു വിദ്യാര്‍ത്ഥിക്കായി അധ്യാപകന് കുറിച്ചത് ഇങ്ങനെ: 'പ്രിയപ്പെട്ട കൂട്ടുകാരാ, ഞാന്‍ നിങ്ങള്‍ക്ക് ഒരു ചെറിയ പുഷ്പം അയയ്ക്കുന്നു, അഹങ്കരിക്കരുത്!' ഒരു വ്യക്തി വിദ്യാര്‍ത്ഥിക്ക് പുഷ്പം നല്കുന്ന കൈകൊണ്ട് വരച്ച ഒരു ചിത്രവും കമന്റിനൊപ്പം ഉണ്ടായിരുന്നു. ശരാശരി 82.5 പോയിന്റുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് പുഞ്ചിരിച്ച മുഖത്തിന്റെ ചിത്രത്തിനൊപ്പം എഴുതി നല്കിയ സന്ദേശം, 'സന്തോഷം തോന്നുന്നു, നല്ല കാര്യം ഇതുപോലെ പരിശ്രമിക്കുന്നത് തുടരുക' എന്നായിരുന്നു. ശരാശരിയില്‍ കുറവ് മാര്‍ക്ക് നേടിയവരോടും സ്നേഹത്തോടെയും കരുതലോടെയും ആയിരുന്നു അധ്യാപകരുടെ പെരുമാറ്റം.
സംഭവം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരെ പ്രശംസിച്ച് രംഗത്തെത്തി. അഭിപ്രായ പ്രകടനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഇമോജികളും പല അധ്യാപകരും ഉത്തര പേപ്പറുകള്‍ മടക്കി നല്കിയപ്പോള് വരച്ചു ചേര്‍ത്തിരുന്നു. ഇത് കുട്ടികളും അധ്യാപകരും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് സഹായകരമായി എന്നാണ് ഭൂരിഭാഗം മാതാപിതാക്കളു അഭിപ്രായപ്പെടുന്നത്. അധ്യാപകരെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ പഠിക്കാനും കുട്ടികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചു തുടങ്ങി എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.






