
കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ന് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ അപേക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കാണിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. മൂന്നാം തവണയും നോട്ടീസ് നല്‍കിയതിനായിരുന്നു മറുപടി.
കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി വന്‍ തുകയുടെ ഇടപാട് നടന്നെന്നു കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ട്. ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഈ അക്കൗണ്ടിലെത്തിയെന്നാണ് ഇഡി സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കിട്ടിയ മൊഴികളും തെളിവുകളും വെച്ച് ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ട്. അതിനായി വിളിച്ചപ്പോഴാണ് വര്‍ഗീസ് ഒഴിവുകഴിവുകള്‍ പറഞ്ഞിരിക്കുന്നത്. വര്‍ഗീസ് ഹാജരാകുന്നില്ലെന്ന ആരോപണവും ഇഡി നടത്തിയിരിക്കുന്നത്.
ബാങ്ക് സെക്രട്ടറി ഹാജരാക്കിയ രേഖകളില്‍ നിന്നും കരുവന്നൂര്‍ ബാങ്കില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പേരില്‍ രണ്ട് അക്കൗണ്ടുകള്‍ ഉള്ളതായും ഇതുവഴി ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ക്രമക്കേട് വിവരം പുറത്തുവന്നതോടെ അക്കൗണ്ടിലെ പണം ഭൂരിഭാഗവും പിന്‍വലിക്കുകയും ചെയ്തു. കേസിലെ പ്രധാന സാക്ഷി മൊഴിയില്‍ നിന്ന് ക്രമവിരുദ്ധമായി വന്‍ തുക വായ്പ വാങ്ങുന്നവര്‍ ഇതില്‍ സിപിഎമ്മിന്റെ അക്കൗണ്ടിലേക്ക് കമ്മീഷന്‍ നിക്ഷേപിച്ച് ബാക്കി തുകയായിരുന്നു ഇടപാടുകാരന് നല്‍കിയിരുന്നതെന്നും പറഞ്ഞിട്ടുണ്ട്.
ബാങ്കില്‍ നിന്ന് ലോണ്‍ അനുവദിക്കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നതായും ഇതിന് മിനുട്‌സ് ഉണ്ടെന്നും നേരത്തെ മുന്‍ മാനേജരുടെ മൊഴി ഇ.ഡി.യ്ക്ക് കിട്ടിയിട്ടുണ്ട്. ഇക്കാര്യം ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വേണമെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയോട് വിവരം തിരക്കാനുമായിരുന്നു മറുപടി. എന്നാല്‍ ജില്ലാ സെക്രട്ടറിയ്ക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരം നല്‍കാന്‍ ബാധ്യതയുണ്ടെന്നും അടുത്ത ചൊവ്വാഴ്ച ഈ രേഖകളുമായി ഹാജരാകാനുമായിരുന്നു ഇ.ഡി. നല്‍കിയ നോട്ടീസ്.






