
തിരുവനന്തപുരം: ആറ്റിങ്ങലിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാറ്റിൻകരയിലാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന സാബു, അയൽവാസി ബിന്ദു, ഒരു കുട്ടി എന്നിവർക്കാണ് കടിയേറ്റത്.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ്റിങ്ങൽ മേഖലയിൽ തെരുവുനായ ആക്രമണം ആവർത്തിക്കുകയാണ്. ഇന്നലെയും രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി റെജിൻ (42) ഇന്നലെ വൈകിട്ട് ഏഴോടെ ആക്രമണത്തിനിരയായി.
ആറ്റിങ്ങൽ സെക്ഷൻ ഓഫീസ് പരിധിയിലെ പമ്പ് ഹൗസിൽ ജോലി ചെയ്യുന്നതിനിടെ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു. അതേ നായ പ്രദേശത്ത് മറ്റ് നായകളെയും ആക്രമിച്ചിട്ടുണ്ടെന്ന് പറയുന്നു.
പരിക്കേറ്റ റെജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.






