
കൊച്ചി: ഏഴു പേരുടെ ജീവനെടുത്ത, കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷനിലുണ്ടായ ഐ.ഇ.ഡി. സ്ഫോടനക്കേസില്‍ കുറ്റപത്രം െവെകും. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എല്ലാവശങ്ങളും പരിശോധിക്കാനാണു തീരുമാനം. ഫോറന്‍സിക് പരിശോധനാ റിപ്പാര്‍ട്ട് ലഭിച്ചശേഷമേ ഇനി തുടരന്വേഷണത്തിനു സാധ്യതയുള്ളൂവെന്നു പോലീസ് പറഞ്ഞു.
കൊച്ചി സിറ്റി മുന്‍ ഡി.സി.പിയും അന്വേഷണ സംഘത്തലവനുമായിരുന്ന എസ്. ശശിധരന് സ്ഥലം മാറിപ്പോയതിനാല്‍ നിലവിലെ ഡി.സി.പി: കെ.എസ്. സുദര്‍ശനാണ് അന്വേഷണച്ചുമതല. അദ്ദേഹം മൊഴി വിശദമായി പരിശോധിച്ചശേഷമാണു മൊഴിയിലെ ചില പൊരുത്തക്കേടുകള്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. പ്രതിയില്‍നിന്നു പിടിച്ചെടുത്ത ബോംബ് നിര്‍മാണ വസ്തുക്കളും സ്ഫോടന സ്ഥലത്തുനിന്നു ശേഖരിച്ച സാമ്പിളുകളും തമ്മില്‍ പൊരുത്തക്കേടുള്ളതായി അന്വേഷണ സംഘാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്കു നല്‍കിയിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും.
പ്രതിയുടെ മൊഴിയും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ അന്വേഷണത്തിന്റെ ഗതി മാറും. തന്റെ താമസസ്ഥലത്തുനിന്നു പിടിച്ചെടുത്ത ഇലക്ട്രിക് വസ്തുക്കള്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ചവയാണെന്നാണു പ്രതി മാര്ട്ടിന് പറയുന്നത്. എന്നാല്‍, ഈ മെഴി പോലീസ് വിശ്വസിക്കുന്നില്ല. കേസില്‍ പ്രതിക്കെതിരേ യു.എ.പി.എ. ചുമത്തിയതിനാല്‍, 180 ദിവസത്തിനകം കുറ്റപത്രം നല്കിയാല് മതിയാകും.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം ജയിലില്‍ കഴിയുന്ന ഡൊമിനിക്കിനെ കസ്റ്റഡിയില്‍ വാങ്ങി പ്രത്യേകസംഘം വീണ്ടും ചോദ്യംചെയ്യും. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ള ഡൊമിനിക്കിന്റെ ബന്ധങ്ങള്‍ സംബന്ധിച്ചു കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബോംബുണ്ടാക്കാന്‍ ബാഹ്യസഹായം ലഭിച്ചതായി തെളിഞ്ഞാല്‍, വിദേശബന്ധം സംബന്ധിച്ചു വിശദമായ അന്വേഷണമുണ്ടാകും.
ഒകേ്ടാബര്‍ 29 നു രാവിലെ 9.30 നു കളമശേരി സാമ്ര കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ ഏഴു പേരാണ് മരിച്ചത്. 52 പേര്‍ക്കു പരുക്കേറ്റു. നാലുപേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. രണ്ടു പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.






