
ചെന്നൈ: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്നതിനിടയില്‍ ചെന്നൈയില്‍ 60 അടി താഴ്ചയില്‍ നിന്നും മൃതദേഹം കണ്ടെത്തി. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സൈറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇത് ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സൂചന. ചെന്നൈ വേളാച്ചേരിയില്‍ പുതിയതായി പണിയുന്ന ബഹുനില കെട്ടിടവുമായി ബന്ധപ്പെട്ട സൈറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചനകള്‍.
മണ്ണിടിഞ്ഞ് താണ് ഇവിടെ ഒരു കിടങ്ങ് രൂപപ്പെട്ടിരുന്നു. അതില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സൈറ്റിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരനായ നരേഷ് എന്ന അന്യസംസ്ഥാനക്കാരന്റെ മൃതദേഹമാണ് സംശയമുണ്ട്. അതേസമയം കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സൈറ്റിലെ ജൂനിയര്‍ എഞ്ചിനീയറായ മറ്റൊരു അന്യസംസ്ഥാനക്കാരന് ജയശീലിനെ കാണാതായിട്ടുണ്ട്. സൈറ്റില്‍ തിങ്കളാഴ്ച ജയശീല്‍ ജോലിക്കെത്തിയതിന് ശേഷമാണ് കാണാതായിരിക്കുന്നത്. 32 കാരനായ ജയശീലിന്റെ ഭാര്യയും പിതാവും ഇവിടെയുണ്ട്. ആറുമാസം ഗര്‍ഭിണിയായ ഭാര്യ ഇവിടെ തന്നെ കിടക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതില്‍ കുടുംബം രോഷാകുലരാണ്.
വെള്ളപ്പൊക്കവും മറ്റു വിഷയങ്ങളെയും തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ആള്‍ക്കാരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞത്. തിങ്കളാഴ്ച വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇവിടെയെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജയശീല്‍ ജോലി ചെയ്യുന്ന കമ്പനി നിര്‍ബ്ബന്ധപൂര്‍വ്വം ഇവരെ ജോലിക്ക് എത്തിക്കുകയായിരുന്നു എന്നാരോപണമുണ്ട്. കമ്പനി പക്ഷേ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
മൃതദേഹം കണ്ടെത്തിയ കേസില്‍ നരേഷ് മറ്റൊരു പമ്പില്‍ ജോലി ചെയ്തിരുന്നയാളാണ്. എന്നാല്‍ ഇവിടെ ആളില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് ജോലിക്കായി പറഞ്ഞു വിടുകയായിരുന്ന എന്നാണ് വിവരം. മൂന്ന് ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉണര്ന്നതെന്നത് വലിയ രോഷം വിളിച്ചുണര്‍ത്തിയിട്ടുണ്ട്. കുഴിയില്‍ നിന്നും 50 അടി വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളഞ്ഞു. ജയശീലിന് വേണ്ടി തെരച്ചില്‍ നടത്താന്‍ ഇന്നലെ രാത്രി റെസ്ക്യൂ ടീമിനെ കൊണ്ടുവന്നിരുന്നു. എന്നാല്‍ അവസാനത്തെ 10 അടി പ്രശ്നമാണെന്ന് അവരും പറഞ്ഞിട്ടുണ്ട്.






