
കൊച്ചി: സിറോ മലബാര്‍ സഭയെ വിവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ആശയ സമരത്തിന് അത്യന്തം നാടകീയ വഴിത്തിരിവ്. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗം ആഗ്രഹിച്ചവര്‍ക്ക് ഇത് കാത്തിരുന്ന വാര്‍ത്ത. ഏകീകൃത കുര്‍ബാന എന്ന ഒറ്റവിഷയത്തില്‍ ചുറ്റിത്തിരിഞ്ഞ് സഭാന്തരീക്ഷം പുകഞ്ഞത് വര്‍ഷങ്ങളോളം. എങ്കിലും ഐക്യത്തിന്റെ അന്തരീക്ഷം പുനസ്ഥാപിക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടേയും രാജി മതിയാവില്ലെന്നാണ് സൂചനകള്‍.
അല്മായരുടേയും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം െവെദികരുടേയും ആഗ്രഹപ്രകാരം ജനാഭിമുഖ കുര്‍ബാന തുടരാന്‍ കഴിയുമോ എന്ന ചോദ്യം ബാക്കിവച്ചുകൊണ്ടാണ് ഇന്നലെ വത്തിക്കാന്‍ നാടകീയമായ ഇടപെടല്‍ നടത്തിയത്. തല്ലും തലോടലും പോലെ. വിവാദകാരണങ്ങള് ഇരുപക്ഷത്തും അതേപടി നിലനില്‍ക്കുകയാണ്. ക്രിസ്മസ് ദിനം മുതല്‍ സിനഡ് കുര്‍ബാന അംഗീകരിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത് െവെദിക സമൂഹത്തെ വെട്ടിലാക്കിയിരിക്കുന്നു. എന്നാല്‍, ഭൂമി കുംഭകോണത്തില്‍ വത്തിക്കാന്‍ നിര്‍ദേശിച്ച റെസ്റ്റിറ്റിയൂഷന്റേയും ജനാഭിമുഖ കുര്‍ബാനയുടേയും കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി കഴിഞ്ഞു. ജനുവരിയിലെ ശീതകാല സിനഡിനുശേഷം പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പ് െവെദികരുമായി നടത്തുന്ന ചര്‍ച്ചയിലാണ് നേരിയ പ്രതീക്ഷ.
അതിനിടെ, സിറോ മലബാര്‍ അതിരൂപതാ െഹെരാര്ക്കി ശതാബ്ദിയാഘോഷത്തിന്റെ സമാപനം അതിരൂപതയിലെ വിമത െവെദികര്‍ ഞായറാഴ്ച ആഘോഷിക്കുന്നത് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിഞ്ഞതിനു തൊട്ടുപിന്നാലെയാണെന്നത് യാദൃശ്ചികം. 400 െവെദികരെ അണിനിരത്തി കുര്‍ബാനയര്‍പ്പിച്ച് ലോകറെക്കോഡ് സ്ഥാപിക്കുന്ന ശക്തിപ്രകടനം കൂടിയായി ഇതുമാറും. ഈ ആഘോഷം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.
അതിരൂപതയിലെ വിശ്വാസ സമൂഹം വിവാദങ്ങള്‍ക്ക് കാതോര്ക്കുന്നില്ലെങ്കിലും ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്ക കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നത് അവരില്‍ വേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രശ്നപരിഹാരമൊന്നും നിര്ദേശിക്കാനില്ലാതെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്. വ്യക്തിപരമായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിടിച്ചുലച്ച ഭൂമി വില്പന വിവാദമാണ് അതിരൂപതയുടെ മേലധ്യക്ഷനായ അദ്ദേഹത്തെ നിരായുധനാക്കിയത്.






