
കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു അദ്ദേഹം. തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്നും 3 മാസത്തെ അവധിയിലായിരുന്നു കാനം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴും എട്ടും കേരളാ നിയമസഭകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം.






