
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഈ അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തില്‍ കുറയാത്ത ഇടപാടുകള്‍ നടന്നിട്ടുണ്ട്.
എം.പി. രാജു, പി.ആര്. അരവിന്ദാക്ഷന് എന്നിവരാണ് അക്കൗണ്ടുകള്‍ െകെകാര്യം ചെയ്തിരുന്നതെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉള്‍പ്പെടെയുള്ള നോതാക്കളെ ചോദ്യംചെയ്യും. ഈ മാസം 19 നു ഹാജരാകാനാണ് എം.എം. വര്‍ഗീസിനു സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നവകേരള സദസ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.
350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി. നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. കരുവന്നൂരില്‍ പാര്‍ട്ടിയുടെ പണമിടപാടുകള്‍ മാത്രം െകെകാര്യം ചെയ്ത അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇ.ഡിക്കു കൂടുതലായി ലഭിച്ചിരിക്കുന്നത്. ഒരോ അക്കൗണ്ടിലൂടെയും 50 ലക്ഷം രൂപയില്‍ കുറയാത്ത ഇടപാടുകള്‍ നടന്നിട്ടുണ്ട്. എം.പി. രാജു, പി.ആര്. അരവിന്ദാക്ഷന് എന്നിവരാണ് അക്കൗണ്ടുകള്‍ െകെകാര്യം ചെയ്തിരുന്നത്.
കരുവന്നൂര്‍ ബാങ്കിലെ സി.പി.എം. ഇടപാടിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി.
നവംബര്‍ 24 നും ഡിസംബര്‍ ഒന്നിനും എം.എം. വര്‍ഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുകളില്‍ നിസഹകരിക്കുകയും, നിഷേധാത്മക മറുപടികള്‍ നല്‍കുകയുമായിരുന്നുവെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറയുന്നു.
പാര്‍ട്ടി കമ്മിറ്റികളുടെ അക്കൗണ്ടുകളും ഇ.ഡി. നിരീക്ഷണത്തിലാണ്. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇ.ഡി. ആവശ്യപ്പെട്ടതില്‍ ഏതാനും രേഖകളും ഫയലുകളും മാത്രമാണു ചോദ്യം ചെയ്യലിനു ഹാജരായപ്പോള്‍ എം.എം. വര്‍ഗീസ് ഹാജരാക്കിയത്. 19 നു ഹാജരാകുമ്പോള്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണു നിര്‍ദ്ദേശം.






