
കൗതുകമുണര്‍ത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഒട്ടനവധി സംഭവങ്ങളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏറെ വിചിത്രമായൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. എംആര്‍ഐ സ്കാനിംഗിന് എത്തിയ സ്ത്രീ ഒളിപ്പിച്ചുവച്ച തോക്ക് പൊട്ടി ഇവര്‍ക്ക് തന്നെ പരുക്കേറ്റുവെന്ന വാര്‍ത്തയാണ് ഇത്. യുഎസിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയിരിക്കുന്നത്.
സാധാരണായായി സ്കാനിംഗ് മുറിയിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ മെറ്റല്‍ അംശങ്ങളുള്ള ആഭരണങ്ങളോ മറ്റ് വസ്തുക്കളോ എല്ലാം രോഗിയില്‍ നിന്ന് വാങ്ങിച്ചുവയ്ക്കുന്നത് പതിവാണ്. കാരണം സ്കാനിംഗ് മെഷീനില്‍ നിന്നുള്ള കാന്തികതരംഗങ്ങള്‍ ലോഹവുമായി പ്രതികരിക്കുന്നത് അപകടമാണ്. ഇതൊഴിവാക്കാനാണ് ആശുപത്രി അധികൃതര്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ രോഗിയായ സ്ത്രീ തോക്കുള്ള കാര്യം മറച്ചുവച്ച് സ്കാനിംഗിന് കയറുകയായിരുന്നു.
അമ്പത്തിയേഴുകാരിയായ സ്ത്രീ (ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല) എംആര്‍ഐ സ്കാനിംഗ് മുറിയിലേക്ക് ചെറിയ കൈത്തോക്കുമായി കയറുകയായിരുന്നു.സ്കാനിംഗ് മെഷീനിനുള്ളിലേക്ക് ഇവരെ കയറ്റിയതും ലോഹത്തോക്ക് മെഷീനില്‍ നിന്നുള്ള തരംഗങ്ങളുമായി പ്രവര്‍ത്തിച്ച് തോക്ക് പൊട്ടി ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ത്രീയുടെ പിന്‍ഭാഗത്ത് (പൃഷ്ടഭാഗത്ത്) ആണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ പരുക്ക് ഗുരുതരമായിരുന്നില്ല. നിലവില്‍ ഇവര്‍ ചികിത്സയിലാണ്.
അധികൃതരുടെ കണ്ണ് വെട്ടിച്ച് ഈ സ്ത്രീ എങ്ങനെയാണ് തോക്കുമായി കയറിയതെന്ന് വ്യക്തമല്ല. എങ്കിലും എത്ര ശ്രദ്ധിച്ചാലും ഇങ്ങനെയുള്ള ചെറിയ അപകടങ്ങളെല്ലാം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലൊരു അപകടം സംഭവിക്കുന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. അതേസമയം എന്തിനാണ് സ്ത്രീ തോക്കുമായി ആശുപത്രിയിലെത്തിയത്- സ്കാനിംഗ് റൂമിലേക്ക് പോയത് എന്നുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. ഏതായാലും സംഭവം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.






