
ചെന്നൈ: നടി തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ വിവാദങ്ങളില്‍പ്പെട്ട നടന് മന്‍സൂര്‍ അലി ഖാന് മാനനഷ്ടക്കേസുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച തൃഷ, നടി ഖുശ്ബു, നടന് ചിരഞ്ജീവി തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ മന്‍സൂര്‍ അലി ഖാന് ആവശ്യപ്പെടുന്നുണ്ട് തമാശയായി പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും വീഡിയോ പൂര്‍ണമായി കാണാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാദത്തില്‍ തൃഷയോട് മന്‍സൂര്‍ മാപ്പ് പറഞ്ഞിരുന്നു.
ലിയോ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്നുമാണ് തൃഷ എക്സില്‍ കുറിച്ചത്.






